Kannur
വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന കേസിൽ സി പി എം കൗൺസിലർ അറസ്റ്റിൽ
രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി പി എം. ജില്ലാ കമ്മിറ്റി അറിയിച്ചു

കണ്ണൂർ | കൂത്തുപറമ്പിൽ വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന കേസിൽ സി പി എം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലറും സി പി എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ പി പി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി ജാനകി (77) വീട്ടുമുറ്റത്ത് മീൻ മുറിക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ അജ്ഞാതൻ ഒരു പവനോളം തൂക്കമുള്ള മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടമ്മ മൊഴി നൽകിയിരുന്നു.
സമീപത്തെ സി സി ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗൺസിലറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി പി എം. ജില്ലാ കമ്മിറ്റി അറിയിച്ചു.