International
പ്രതിമാസം അയക്കാവുന്ന പണത്തിന്റെ പരിധി വെട്ടിച്ചുരുക്കി; പ്രതിസന്ധിയിലായി മാലദ്വീപിലെ മലയാളികൾ
നേരത്തെ 500 ഡോളറായിരുന്ന പരിധി 400 ഡോളറായും പിന്നീട് 150 ഡോളറായും വെട്ടിച്ചുരുക്കിയതാണ് പ്രവാസികൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കിയത്.

കൊച്ചി | മാലദ്വീപിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ പ്രതിസന്ധി നേരിടുന്നു. പ്രതിമാസം അയക്കാവുന്ന പണത്തിൻ്റെ പരിധി 150 ഡോളറായി (ഏകദേശം 13,000 രൂപ) കുറച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഏകദേശം ആറായിരത്തോളം പ്രവാസികളെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നത്.
നേരത്തെ 500 ഡോളറായിരുന്ന പരിധി 400 ഡോളറായും പിന്നീട് 150 ഡോളറായും വെട്ടിച്ചുരുക്കിയതാണ് പ്രവാസികൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കിയത്. വിദേശ നാണ്യത്തിൻ്റെ ഗണ്യമായ കുറവാണ് പണമയയ്ക്കൽ പരിധി കുറയ്ക്കാൻ കാരണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) അറിയിച്ചിട്ടുള്ളത്. വിദേശ നാണ്യ ലഭ്യത മെച്ചപ്പെട്ടാലുടൻ പരിധി പുനഃസ്ഥാപിക്കുമെന്നും എസ് ബി ഐ. വെബ്സൈറ്റിലും ഇടപാടുകാർക്ക് അയച്ച ഇ-മെയിലിലും പറയുന്നു.
മാലദ്വീപിലെ കാൽ ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ പകുതിയിലധികവും മലയാളികളാണ്. നാട്ടിലേക്ക് പണമയയ്ക്കാൻ ഇവർ പ്രധാനമായി ആശ്രയിക്കുന്നത് എസ് ബി ഐയെ ആണ്. ഏജൻ്റുമാർ വഴി പണം അയക്കാൻ സാധിക്കുമെങ്കിലും, ഇതിന് ഭീമമായ കമ്മീഷൻ നൽകേണ്ടിവരും. ബാങ്ക് വഴിയും ഏജൻ്റ് വഴിയും അയയ്ക്കുമ്പോഴുള്ള വിനിമയ നിരക്കിലെ വ്യത്യാസവും ചെലവ് വർദ്ധിപ്പിക്കുന്നുണ്ട്.
രണ്ടും മൂന്നും ലക്ഷം രൂപ മുടക്കി മാലദ്വീപിൽ ജോലിക്ക് എത്തിയവർക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ കഴിയാത്ത അവസ്ഥ വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് ഹയർ സെക്കൻഡറി അധ്യാപകനായ വിപിൻ പ്രതികരിച്ചു. ഇന്ത്യൻ ഹൈക്കമീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് എസ് ബി ഐയുമായി ചർച്ച നടത്തി പണം അയക്കാനുള്ള പരിധി ഉയർത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം.