Kerala
വിശ്വാസ സംരക്ഷണ യാത്ര സമാപനത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍ പിണങ്ങിപ്പോയി
കെ പി സി സിഭാരവാഹി പട്ടികയില്‍ തന്റെ നോമിനികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് നാലു ജാഥകളില്‍ ഒന്നിന്റെ ക്യാപ്റ്റനായ കെ മുരളീധരന്‍ സ്ഥലം വിട്ടത്

പത്തനംതിട്ട | ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെ പി സി സി നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് സമാപിക്കാനിരിക്കെ ഉത്തരകേരള യാത്രയുടെ ക്യാപ്റ്റന്‍ കെ മുരളീധരന്‍ പിണങ്ങിപ്പോയി. കെ പി സി സിഭാരവാഹി പട്ടികയില്‍ തന്റെ നോമിനികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ സ്ഥലം വിട്ടതെന്നാണ് വിവരം. നാലുജാഥകളില്‍ ഒന്നിന്റെ ക്യാപ്റ്റന്‍ ഇല്ലാതെ വിശ്വാസ സംരക്ഷണ ജാഥ സമാപിക്കേണ്ട അവസ്ഥയാണുള്ളത്.
അയ്യപ്പന്റെ സ്വര്‍ണ മോഷണത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ചിത്തഭ്രമത്തിന്റെ തുടക്കമാണെന്ന് ജാഥയില്‍ പ്രസംഗിച്ച കെ മുരളീധരന്‍ പിണങ്ങിപ്പോയതോടെ ജാഥയുടെ പരിസമാപ്്തി മ്ലാനമായി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോകാനുണ്ടെന്നു പറഞ്ഞു പോയ മുരളീധരന്‍ തിരികെ വരാതെ തിരുവനന്തപുരത്തേക്കു പോകുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച നാല് ജാഥകള്‍ ശനിയാഴ്ച ചെങ്ങന്നൂരില്‍ എത്തിയിരുന്നു. കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും അടൂര്‍പ്രകാശും ബെന്നി ബെഹനാനുമാണ് നാലു വിശ്വാസ സംരക്ഷണയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ജാഥകളുടെ സമാപനമായാണ് ഇന്നു പദയാത്ര നടത്തുന്നത്.
വൈകുന്നേരം മൂന്നു മണിക്ക് ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് യുഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദയാത്ര പന്തളം നഗരസഭ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ യുഡിഫ് നേതാക്കള്‍ സംസാരിക്കും. നാലു ജാഥാ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ പിണങ്ങിപ്പോയതോടെ സമാപനം നിറംകെട്ടതായി മുരളീധരനെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.
കെ എം ഹാരിസിന്റെ പേരായിരുന്നു കെ മുരളീധരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കാലങ്ങളോളമായി കെ മുരളീധരനോടൊപ്പമുള്ള മരിയാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് മുരളീധരന്‍ പ്രതിഷേധിച്ച് സമാപനം ബഹിഷ്‌കരിച്ചത്.