Kerala
ശിരോവസ്ത്ര വിവാദം; എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു; മന്ത്രി ശിവൻകുട്ടിക്ക് വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
പ്രശ്നം ഊതി വീര്‍പ്പിക്കാന്‍ ക്ഷുദ്രശക്തികള്‍ ശ്രമിച്ചു

ആലപ്പുഴ|പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന നല്ലതാണ്. എന്നിട്ട് എന്തുണ്ടായി. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് ഇടപെടാന്‍ വൈകിയിട്ടില്ല. ഇത്തരം വിഷയത്തില്‍ മുഖ്യധാര പാര്‍ട്ടികള്‍ ഇടപെടണം. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഉണ്ടായ സംഭവം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. പ്രശ്നം ഊതി വീര്‍പ്പിക്കാന്‍ ക്ഷുദ്രശക്തികള്‍ ശ്രമിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടിയുടെ പിതാവ് സ്‌കൂളില്‍ നിന്ന് ടി സി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്മെന്റാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സാമൂഹിക മാധ്യമത്തിലൂടെ മതവിദ്വേഷം പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്സിക്യൂട്ടിവ് അംഗം പരാതി നല്‍കി. പിടിഎ അംഗമായ ജമീര്‍ സൈബര്‍ പോലീസിന് നല്‍കിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.