International
ധാക്ക വിമാനത്താവളത്തില്‍ തീപ്പിടുത്തം; വിമാന സർവീസുകൾ നിർത്തിവെച്ചു
ഉച്ചയോടയാണ് തീപ്പിടുത്തം ഉണ്ടായത്.

ധാക്ക| ബംഗ്ലദേശിലെ ധാക്ക ഹസ്രത്ത് ഷാജലാല്‍ വിമാനത്താവളത്തിലെ കാര്‍ഗോ മേഖലയില്‍ തീപിടുത്തം. വിമാനസര്‍വിസുകള്‍ താല്‍കാലമായി നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് 2:30 ഓടെയാണ് ഗേറ്റ് 8 ന് സമീപം തീപ്പിടുത്തം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ 36 അഗ്നിശമന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് മീഡിയ സെല്ലിലെ ഉദ്യോഗസ്ഥനായ തല്‍ഹ ബിന്‍ സാസിം അറിയിച്ചു. വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ഉറപ്പാക്കാന്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന്റെയും (ബിജിബി) നാവികസേനയുടെയും രണ്ട് പ്ലാറ്റൂണുകളും പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തീപ്പിടുത്തത്തെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്കുള്ള ഇന്‍ഡിഗോ വിമാനം കൊല്‍ക്കത്തയിലേക്കും യു എ ഇയിലെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം ചിറ്റഗോങ്ങിലേക്കും തിരിച്ചുവിട്ടു. അതേസമയം, ഹോങ്കോങ്ങില്‍ നിന്നുള്ള കാത്തി പസഫിക് വിമാനം ധാക്ക വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ ആഴ്ച ബംഗ്ലാദേശില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ തീപിടുത്തമാണിത്. വ്യാഴാഴ്ച ചിറ്റഗോംഗ് എക്‌സ്‌പോര്‍ട്ട് പ്രോസസ്സിംഗ് സോണിലെ (CEPZ) എട്ട് നില ഫാക്ടറിയില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. ചൊവ്വാഴ്ച, ധാക്കയിലെ നാല് നില വസ്ത്ര ഫാക്ടറിയിലും തൊട്ടടുത്തുള്ള കെമിക്കല്‍ വെയര്‍ഹൗസിലും ഉണ്ടായ തീപിടുത്തത്തില്‍ 16 തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.