Connect with us

Kozhikode

യുഎഇ ഫത്‌വാ കൗൺസിൽ സമ്മേളനത്തിന് ഇന്ന് തുടക്കം: അബ്ദുല്ല സഖാഫി മലയമ്മ ഗ്രാൻഡ് മുഫ്തിയെ പ്രതിനിധാനം ചെയ്യും

57 രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും പണ്ഡിതരും ഗവേഷകരും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മേധാവികളുമാണ് സമ്മേളന പ്രതിനിധികൾ.

Published

|

Last Updated

കോഴിക്കോട്| യുഎഇ ഫത്‌വാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം ഇന്ന് ആരംഭിക്കും. ‘സമകാലിക സാമൂഹികാന്തരീക്ഷത്തിലെ കുടുംബം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായി ജാമിഅ മർകസ് കോളേജ് ഓഫ്  ഇസ്‌ലാമിക് തിയോളജി മേധാവി അബ്ദുല്ല സഖാഫി മലയമ്മ പങ്കെടുക്കും.
2026 കുടുംബ വർഷമായി യുഎഇ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഉമ്മുൽ ഇമാറത്തും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡന്റുമായ ശൈഖ ഫാത്വിമ ബിൻത് മുബാറകിന്റെ രക്ഷാകർതൃത്വത്തിൽ സമ്മേളനം നടക്കുന്നത്. 57 രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും പണ്ഡിതരും ഗവേഷകരും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മേധാവികളുമാണ് സമ്മേളന പ്രതിനിധികൾ. യുഎഇ ഫത്‌വ അതോറിറ്റിയുടെ മതകാര്യ ചർച്ചകളിൽ സ്ഥിരം ക്ഷണിതാവാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി.
മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിൽ കുടുംബത്തിന്റെ പ്രാധാന്യം മാനവരാശിയെ ബോധ്യപ്പെടുത്തുന്നതിനും കുടുംബം നേരിടുന്ന ആധുനിക പ്രശ്നങ്ങൾക്ക് മതം മുന്നോട്ടുവെക്കുന്ന പരിഹാരങ്ങൾ വിളംബരം ചെയ്യുന്നതിനുമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും നടക്കും. ഗ്രാൻഡ് മുഫ്തിയുടെ സന്ദേശം സമ്മേളനത്തിൽ അബ്ദുല്ല സഖാഫി മലയമ്മ അവതരിപ്പിക്കും. മർകസ് റിസർച്ച് ഡിപ്പാർട്മെന്റ് പബ്ലിക്കേഷൻ എഡിറ്റർ നജ്മുദ്ദീൻ കാമിൽ സഖാഫി പാണ്ടിക്കാടും സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്.

Latest