Ongoing News
ഇന്ന് മൈതാനത്ത്; ബ്ലാസ്റ്റേഴ്സിന് ചങ്കിടിപ്പ്
അവസാന അഞ്ച് കളിയില്‍ മൂന്നെണ്ണം തോറ്റു; ഇന്ന് ജയിച്ചാൽ കടുപ്പമില്ലാതെ പ്ലേ ഓഫ്

കൊച്ചി | ഈസ്റ്റ് ബംഗാളിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽ ചോർന്നുപോയ വീര്യം വീണ്ടെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്തിറങ്ങുന്നു. നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ് സിയാണ് എതിരാളി. കലൂർ ജവഹർ ലാൽ നെഹ്്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് മത്സരം. ജയിച്ചാല്‍ കൊമ്പന്മാർക്ക് കാര്യമായ പരീക്ഷണമില്ലാതെ പ്ലേ ഓഫിലെത്താം.
തോല്‍വിയാണെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാകും. 16 കളിയില്‍ നിന്ന് 28 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിച്ച് വന്നതോടെ അനായാസം പ്ലേ ഓഫീലെത്തുമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രേമികളുടെ പ്രതീക്ഷ. എന്നാല്‍, അവസാന അഞ്ച് കളിയില്‍ മൂന്നെണ്ണം തോറ്റത് തിരിച്ചടിയായി. പ്രതിരോധ നിരയില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരുന്ന മാര്‍ക് ലെസ്‌കോവിച്ചും സന്ദീപും പരുക്കേറ്റ് പുറത്തായതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. മധ്യനിരയില്‍ കളി മെനയുന്ന അഡ്രിയാന്‍ ലൂണയും പ്ലേമേക്കര്‍ ദിമിത്രിയോസ് ഡയമൻ്റാകോസിൻ്റെ ഗോളടി മികവുമാണ് ആതിഥേയരുടെ പ്രതീക്ഷ. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കുന്ന ഘട്ടത്തിലാണ് ചെന്നൈ കൊച്ചിക്ക് വിമാനം കയറിയത്. ലീഗില്‍ 16 കളിയില്‍ നിന്ന് 18 പോയിൻ്റ് മാത്രമാണ് സമ്പാദ്യം. ജയിച്ചത് നാല് കളി മാത്രം.
ഇരുടീമുകളും ലീഗിലെ ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. അവസാന ഏഴ് കളികളില്‍ ചെന്നൈയിൻ ജയം അറിഞ്ഞിട്ടില്ല. അവസാനം ഒരു കളി ജയിച്ചത് കഴിഞ്ഞ വര്‍ഷമാണെന്ന് അറിയുമ്പോഴാണ് അവരുടെ പരിതാപകരമായ അവസ്ഥ വെളിവാകുക. അതിനാൽ വിജയം വല്ലാതെ മോഹിക്കുന്നുണ്ടവർ. എതിരാളി ചിരവൈരികളായ ബ്ലാസ്റ്റേഴ്സ് കൂടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.