Connect with us

lakkidi maoist attack

ലക്കിടി മാവോയിസ്റ്റ് വെടിവെപ്പിന് ഇന്ന് നാലാം വാർഷികം

പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിൽ കുടുംബം

Published

|

Last Updated

കൽപ്പറ്റ | ലക്കിടിയിലെ മാവോയിസ്റ്റ് വെടിവെപ്പിന് ഇന്ന് നാലാം വാർഷികം. 2019 മാർച്ച് ആറിനായിരുന്നു ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ മാവോയിസ്റ്റ് സി പി ജലീലിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീൽ. വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഫോറൻസിക് ഫലം പരിശോധിക്കാതെ തയ്യാറാക്കിയ മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജലീലിന്റെ സഹോദരൻ സി പി റശീദ് ഒരു വർഷം മുമ്പ് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല. ഈ സാഹചര്യത്തിൽ നീതി തേടി പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജലീലിന്റെ കുടുംബാംഗങ്ങളും ഒരുകൂട്ടം മനുഷ്യാവകാശ പ്രവർത്തകരും. കലക്ടറേറ്റ് പടിക്കൽ സമരം ചെയ്യാനാണ് തീരുമാനമെന്ന് സി പി റശീദ് പറഞ്ഞു.

മാവോയിസ്റ്റുകൾ നിറയൊഴിച്ചപ്പോൾ ആത്മരക്ഷാർഥം നടത്തിയ പ്രത്യാക്രമണത്തിൽ ജലീൽ മരിച്ചുവെന്നാണ് പോലീസ് വാദം. എന്നാൽ ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പറയുന്ന തോക്കിൽ നിന്ന് നിറയൊഴിച്ചിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. ജലീലിന്റെ വലതുകൈയിൽ നിന്ന് ശേഖരിച്ച സാംപിളിൽ വെടിമരുന്നിന്റെ അംശം ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് റിപോർട്ടിലുണ്ട്. 2019 മാർച്ച് 11ന് സർക്കാർ ഉത്തരവനുസരിച്ചാണ് ജലീലിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടന്നത്. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് വാദം ശരിവെക്കുന്ന വിധത്തിലായിരുന്നു മജിസ്റ്റീരിയൽ റിപോർട്ട്.

റിസോർട്ട് വളപ്പിൽ പോലീസ് മാവോവാദികൾക്ക് നേരേ നിറയൊഴിച്ചത് ആത്മരക്ഷാർഥമാണെന്നാണ് അന്നത്തെ ഐ ജി ബൽറാംകുമാർ ഉപാധ്യായ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ജലീലിനെ പോലീസ് ആസൂത്രിതമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന നിലപാടിലാണ് മാവോയിസ്റ്റുകളും ഒരു വിഭാഗം മനുഷ്യാവകാശ പ്രവർത്തകരും. റിസോർട്ട് ഉടമയും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വെടിവെപ്പെന്നും ആവർ ആരോപിക്കുന്നുണ്ട്.

2019 മാർച്ച് ആറിന് രാത്രി ജലീലും മറ്റൊരാളും റിസോർട്ടിൽ എത്തി ജീവനക്കാരോട് ഭക്ഷണവും പണവും ആവശ്യപ്പെട്ടു. ഈ വിവരം റിസോർട്ട് മാനേജ്‌മെന്റിൽപ്പെട്ടവർ അറിയിച്ചതിനെത്തുടർന്ന് തണ്ടർബോൾട്ട് കമാൻഡോകളും ആന്റി നക്‌സൽ സ്‌ക്വാഡ് അംഗങ്ങളും വൈത്തിരി സി ഐയുടെ നേതൃത്വത്തിൽ റിസോർട്ടിൽ എത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. റിസോർട്ടിലെ റിസപ്ഷൻ കൗണ്ടറിന് കുറച്ചുമാറി കൃത്രിമ പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം ഉണ്ടായിരുന്നത്. പിറ്റേന്ന് ഉച്ചയോടെ ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം കാണാൻ പോലീസ് മാധ്യമപ്രവർത്തകരെ അനുവദിച്ചത്. മൃതദേഹത്തിന് സമീപം നാടൻ തോക്കും സഞ്ചിയും ചിതറിയ നിലയിൽ കറൻസിയും ഉണ്ടായിരുന്നു.

ജലീലിന്റെ തലക്ക് പിന്നിലും തോളിലുമാണ് വെടിയേറ്റത്. ജലീലിനൊപ്പം റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘാംഗത്തിനും വെടിയേറ്റതായി സൂചന ഉണ്ടായിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനും ആരെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. ലക്കിടി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിന് ശേഷം വയനാട്ടിലുണ്ടായ മറ്റൊരു മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ തമിഴ്‌നാട് തേനി പുതുക്കോട്ട പെരിയകുളം വേൽമുരുകൻ മരിച്ചിരുന്നു. സി പി ഐ(മാവോയിസ്റ്റ്)കബനി ദളം മുൻ അംഗമായ വേൽമുരുകൻ 2020 നവംബർ രണ്ടിനാണ് പടിഞ്ഞാറത്തറ ബപ്പനം വനത്തിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റുമരിച്ചത്. 2016നു ശേഷം സംസ്ഥാനത്ത് പോലീസ് വെടിയേറ്റ് മരിക്കുന്ന എട്ടാമത്തെയും വയനാട്ടിൽ രണ്ടാമത്തെയും മാവോവാദിയായിരുന്നു വേൽമുരുകൻ.

Latest