Connect with us

Kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദിനാണ് അന്വേഷണച്ചുമതല.

Published

|

Last Updated

തിരുവനന്തപുരം|കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദിനാണ് അന്വേഷണച്ചുമതല.

ഇന്ന് രാവിലെയാണ് കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം സ്‌കൂളില്‍ കണ്ടെത്തിയത്.

അതേസമയം വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സ്‌കൂളിലെ ക്ലര്‍ക്ക് ഇന്നലെ കുട്ടിയോട് മോശമായി പെരുമാറിയതായി കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അസൈന്‍മെന്റില്‍ സീല്‍ വെച്ച് നല്‍കാന്‍ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ലര്‍ക്ക് ഇത് നല്‍കിയില്ല. ഇന്നലെ റെക്കോര്‍ഡ് സീല്‍ ചെയ്യേണ്ട ദിവസമായിരുന്നു. കുറേ തവണ പറഞ്ഞതിനുശേഷം കുട്ടികള്‍ സീലെടുത്ത് കൊണ്ട് വന്നപ്പോള്‍ നിന്റെ അപ്പന്റെ വകയാണോ സീല്‍ എന്ന് ചോദിച്ച് അപമാനിച്ചുവെന്ന കാര്യം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ കൊല്ലപ്പെട്ടതാണ്. ഇത് ആത്മഹത്യ എന്ന് പറയില്ല. മരണത്തിലേക്ക് മകനെ തള്ളി വിടുകയായിരുന്നു. ക്ലര്‍ക്കിനെതിരെ കര്‍ശന നടപടി വേണമെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

വിഷയത്തെ പറ്റി പ്രിന്‍സിപ്പലിനോട് സംസാരിച്ചെന്നും റെക്കോര്‍ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നും അരുവിക്കര എം എല്‍ എ ജി സ്റ്റീഫന്‍ വ്യക്തമാക്കി. റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യുന്നതിനിടയില്‍ ക്ലര്‍ക്കുമായി തര്‍ക്കം ഉണ്ടായി. അതിന്റെ ഭാഗമായി കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് കൊണ്ടു വരാന്‍ പറഞ്ഞിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചുവെന്നും എം എല്‍ എ പറഞ്ഞു. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ല. ക്ലര്‍ക്ക് ജെ സനലുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താന്‍ കുട്ടിയുടെ രക്ഷിതാക്കളോട് വരാന്‍ പറഞ്ഞത്. ക്ലര്‍കിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest