Connect with us

Kerala

എസ് എഫ് ഐ അക്രമത്തിന് എതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം, പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയയടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

Published

|

Last Updated

കല്‍പറ്റ | വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. പലയിടത്തും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എ കെ ജി സെന്ററിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സാഹചര്യത്തിൽ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഇന്നത്തെ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം, പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയയടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് എ.കെ.ജി സെന്ററിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ യൂണിവേഴ്സിറ്റി കോളേജിന് സമീപം പൊലീസ് തടഞ്ഞു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ടയര്‍ കത്തിച്ചു.

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു.

കോട്ടയത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സുകൾ വ്യാപകമായി നശിപ്പിച്ചു. തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു.

കോഴിക്കോട്ട് മാനാഞ്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങളും നശിപ്പിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ വേണ്ടവിധം ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.

അതേസമയം, എസ് എഫ് ഐ അക്രമത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, ഇപി ജയരാജൻ ഉള്‍പ്പെടെ നേതാക്കള്‍ രംഗത്ത് വന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest