National
രാഹുല്‍ രക്തസാക്ഷിയുടെ മകന്‍; അയോഗ്യനാക്കിയതില്‍ ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. ഞങ്ങളുടെ കുടുംബത്തെ നിരന്തരം അപമാനിച്ചു. എന്നിട്ടും ഇവര്‍ക്കാര്‍ക്കും രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചില്ല.

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുള്ള രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹ സമരത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. ബി ജെ പി രാജീവ് ഗാന്ധിയെ അപമാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു.
രാഹുല്‍ രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. രക്തസാക്ഷിയായ പിതാവിനെ പല തവണ സഭകളില്‍ അപമാനിച്ചു. രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി. ബി ജെ പിയുടെ കേന്ദ്ര മന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെ അപമാനിച്ചു. ഞങ്ങളുടെ കുടുംബത്തെ നിരന്തരം അപമാനിച്ചു. എന്നിട്ടും ഇവര്‍ക്കാര്‍ക്കും രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചില്ല.
ഇതൊക്കെയായിട്ടും രാഹുല്‍ ഗാന്ധി പറഞ്ഞത് എനിക്ക് നിങ്ങളോട് വിദ്വേഷമില്ലെന്നാണ്. ബി ജെ പിയുടെ ഇത്തരം നയങ്ങള്‍ക്കും നിലപാടിനുമെതിരെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ പോരാടുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
പ്രധാന മന്ത്രി ഭീരുവും അഹങ്കാരിയുമാണെന്നും പ്രിയങ്ക പറഞ്ഞു. അഹങ്കാരിയായ പ്രധാന മന്ത്രിയെ ജനങ്ങള്‍ തിരിച്ചറിയും. തനിക്കെതിരെ കേസെടുക്കാന്‍ പ്രിയങ്ക കേന്ദ്രത്തെ വെല്ലുവിളിച്ചു.