Uae
സാമ്പത്തിക പ്രയാസം ഏറ്റെടുത്ത് ഷാർജ ഭരണാധികാരി
നിയമത്തിലെ വാചകങ്ങളേക്കാൾ നിയമത്തിന്റെ അന്തസ്സാണ് താൻ പരിഗണിക്കുന്നതെന്നു ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

ഷാർജ|പൗരന്മാരുടെ സാമ്പത്തിക പ്രയാസങ്ങൾ ഏറ്റെടുത്ത് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഡയറക്ട് ലൈൻ പരിപാടിയിലേക്ക് വിളിച്ച സ്ത്രീ കടബാധ്യത കാരണം കുട്ടികൾക്ക് ചെലവിന് കൊടുക്കാൻ കഴിയാത്ത പിതാക്കന്മാരുടെ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു വ്യക്തിക്ക് ശരിക്കും പണം നൽകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ ആ ബാധ്യത താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിലെ വാചകങ്ങളേക്കാൾ നിയമത്തിന്റെ അന്തസ്സാണ് താൻ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്ക് നേരിട്ട് സഹായം നൽകാനുള്ള തന്റെ പ്രതിബദ്ധത ആവർത്തിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയും നിരവധി തവണകളിൽ ഭരണാധികാരി ഇത്തരം നന്മയുടെ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ശമ്പളമില്ലാത്ത ഒരു സ്ത്രീയുടെ ഭിന്നശേഷിക്കാരനായ മകന്റെ പഠനത്തിന്റെയും ചികിത്സയുടെയും മുഴുവൻ ചെലവ്, കാൻസർ ബാധിതയായ ഷാർജ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയുടെ മുഴുവൻ ചികിത്സാ ചിലവ്, ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഒരു പൗരന്റെ വീട് ബേങ്ക് ലേലം ചെയ്യുന്നത് തടഞ്ഞത്, ഒരു സ്ത്രീക്ക് ജോലി ലഭിക്കാൻ സഹായിച്ചത് തുടങ്ങിയവ ഈയടുത്ത് അദ്ദേഹം നടത്തിയ സഹായ മനസ്ഥിതിയുടെ ഉദാഹരണങ്ങളാണ്.