Connect with us

Eranakulam

ശിങ്കാരി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ഏഴ് ഭിന്നശേഷി സഹപാഠികള്‍

നേരത്തേ ഫോര്‍ട്ട്കൊച്ചിയില്‍ പഠിച്ചിരുന്ന ക്രിസ്റ്റി ജെയ്സന്‍ ഇപ്പോള്‍ കോട്ടയത്താണ് പഠിക്കുന്നത്.

Published

|

Last Updated

മട്ടാഞ്ചേരി | വൈകല്യങ്ങളെയെല്ലാം മറികടന്ന് ഭിന്നശേഷിക്കാരായ ആറ് സഹപാഠികള്‍ ശിങ്കാരി മേളത്തില്‍ അരങ്ങേറ്റം കുറിച്ചു. അര്‍ബന്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ സുഹൃത്തുക്കള്‍ ശിങ്കാരി മേളത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചത്.

മട്ടാഞ്ചേരി അര്‍ബന്‍ റിസോഴ്സ് സെന്ററിലെ ഫോര്‍ട്ട്കൊച്ചി ഇ എം ജി എച്ച് എസ് സ്പെഷ്യല്‍ കെയര്‍ സെന്ററില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിശീലനം നടത്തി വരുന്ന സഹപാഠികളുടെ അരങ്ങേറ്റം കാണാന്‍ നിരവധി പേരാണ് എത്തി ചേര്‍ന്നത്. എ അഭിലാഷ്, അഭിജിത്ത്, അലന്‍ ആന്റണി, അഖിലേഷ്, വിനയ കുമാര്‍, ഫെബിന്‍ ആന്റണി എന്നിവര്‍ക്ക് പുറമേ ക്രിസ്റ്റി ജെയ്സന്‍ എന്ന മറ്റൊരു സഹപാഠിയുമാണ് ഫോർട്ട് കൊച്ചി ഇ എം ജി എച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ അരങ്ങേറ്റം ഗംഭീരമാക്കി മാറ്റിയത്.
ആറ് പേരുടെ അരങ്ങേറ്റമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ക്രിസ്റ്റിയും ഇവരോടൊപ്പം കൂടുകയായിരുന്നു.

നേരത്തേ ഫോര്‍ട്ട്കൊച്ചിയില്‍ പഠിച്ചിരുന്ന ക്രിസ്റ്റി ജെയ്സന്‍ ഇപ്പോള്‍ കോട്ടയത്താണ് പഠിക്കുന്നത്. തന്റെ സഹപാഠികള്‍ അരങ്ങേറ്റം കുറിക്കുന്നതറിഞ്ഞ് അവരോടൊപ്പം തനിക്കും ശിങ്കാരി മേളത്തില്‍ അരങ്ങേറ്റം നടത്തണമെന്ന ആഗ്രഹ പ്രകാരമാണ് ക്രിസ്റ്റി ജെയ്സന്‍ മാതാപിതാക്കളോടൊപ്പം ഫോർട്ട് കൊച്ചിയില്‍ എത്തിയത്. ചെണ്ട വാധ്യാര്‍മാരായ എം ആര്‍ സനീഷ്, എം ആര്‍ തുളസി ദാസ് എന്നിവരാണ് പരിമിതികളെ മറികടന്ന് കുട്ടികളെ മികവിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചത് . അര്‍ബന്‍ റിസോഴ്സ് സെന്റര്‍ മട്ടാഞ്ചേരിയിലെ ബ്ലോക്ക് പ്രോജക്ട് കോ- ഒാര്‍ഡിനേറ്റര്‍ രമ്യ ജോസഫിന്റെ അധ്യക്ഷത വഹിച്ചു. ഇ എം ജി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ വി.ജി സന്ധ്യ അരങ്ങേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Latest