From the print
ന്യൂനപക്ഷ സംരക്ഷണം തിരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ല: മുഖ്യമന്ത്രി
മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണെന്നും വർഗീയതയോടുള്ള വിമർശം മതവിശ്വാസികളോടുള്ള വിമർശമായി ചിത്രീകരിക്കുന്നത് വർഗീയവാദികളുടെ തന്ത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം | ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്തുപിടിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണെന്നും അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇ കെ വിഭാഗം സമസ്തയുടെ ശതാബ്ദി സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അതിക്രമങ്ങൾ കേവലം ഒരു സമുദായത്തിന് നേരെയുള്ളതല്ല, മറിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തിനും വൈവിധ്യത്തിനും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണെന്നും വർഗീയതയോടുള്ള വിമർശം മതവിശ്വാസികളോടുള്ള വിമർശമായി ചിത്രീകരിക്കുന്നത് വർഗീയവാദികളുടെ തന്ത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്ന് കരുതുന്നത് നാടിന് ആപത്താണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയണം. മതനിരപേക്ഷ വേഷം ധരിച്ച് പ്രവർത്തിക്കുന്ന മതേതര വിരുദ്ധരെ തിരിച്ചറിയാൻ കഴിയണമെന്നും സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നുണ പ്രചരിപ്പിക്കാൻ വർഗീയ സംഘടനകൾ പ്രൊഫഷനലുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.


