From the print
ഇ കെ വിഭാഗം സമസ്തക്ക് ലീഗുമായി അകല്‍ച്ചയില്ലെന്ന് ജിഫ‌്രി തങ്ങള്‍
ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പങ്കെടുത്തിരുന്നില്ല
തിരുവനന്തപുരം | ഇ കെ വിഭാഗം സമസ്തയും മുസ‌്ലിം ലീഗും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് പ്രസിഡന്റ്മുഹമ്മദ് ജിഫ‌്രി മുത്തുക്കോയ തങ്ങള്‍. ഇ കെ വിഭാഗം സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ നിന്ന് ആരംഭിച്ച ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ഖാദര്‍ മൊയ്തീനെ ക്ഷണിച്ചതായിരുന്നു. പക്ഷേ വരാന്‍ പ്രയാസമുണ്ടെന്ന് അറിയിച്ചു. സ്വാദിഖലി ശിഹാബ് തങ്ങളെയും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് ഉദ്ഘാടനത്തിന് എത്തിപ്പെടാന്‍ ചില പ്രയാസങ്ങളുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അനുജന്‍ അബ്ബാസലി ശിഹാബ് തങ്ങളെ ക്ഷണിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചതുമാണ്. പിന്നെ അദ്ദേഹത്തിനും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതൊന്നും ലീഗും സമസ്തയും തമ്മിലെ പിണക്കത്തിന്റെ ഭാഗമല്ലെന്നും ജിഫ‌്രി തങ്ങള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഇ കെ വിഭാഗം സമസ്ത ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുള്ള വാഹനജാഥ കന്യാകുമാരി കോട്ടാറിൽ നിന്ന് തുടങ്ങിയത്. ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പങ്കെടുത്തിരുന്നില്ല. സന്ദേശയാത്രയുടെ പതാക കൈമാറ്റം പാണക്കാട്ടെ വസതിയില്‍ സ്വാദിഖലി തങ്ങള്‍, ജിഫ‌്രി തങ്ങള്‍ക്ക് കൈമാറി നിര്‍വഹിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പാണക്കാട്ട് നടന്ന സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന ഈ നിര്‍ദേശം സമസ്ത നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം ഇതംഗീകരിക്കാതെ പതാക കൈമാറ്റം വ്യാഴാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ തിരൂര്‍ക്കാട്ടെ വസതിയില്‍ നടത്തി. ഇതാണ് സന്ദേശയാത്രയുടെ ഉദ്ഘാടനപരിപാടിയില്‍ അധ്യക്ഷ പദവി വഹിക്കേണ്ട അബ്ബാസലി തങ്ങളുടെ വിട്ടുനില്‍ക്കലിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
ജാഥക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ സഭാധ്യക്ഷന്‍ പി എ ഖാജ മൊയ്‌നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജിഫ‌്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ‌്ലിയാര്‍, മന്ത്രി മനോതങ്കരാജ്, മേയര്‍ മഹേഷ് സംസാരിച്ചു.


