Connect with us

Articles

ആസൂത്രിത പുറന്തള്ളലിനുള്ള സംഘ്പരിവാര്‍ ചതിക്കുഴി

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമെന്നും അത് കേന്ദ്ര ഭരണത്തെ കൂടി ബാധിക്കുമെന്നുമുള്ള പരിഭ്രാന്തിയാണ് ഈയൊരു നീക്കത്തിനുള്ള അടിയന്തര പ്രേരണയെന്ന് കാണാം. ബിഹാറില്‍ സംസ്ഥാന ഭരണം പോയാല്‍ അത് കേന്ദ്ര ഭരണത്തിന്റെ അസ്ഥിരീകരണത്തിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് ബി ജെ പിക്കറിയാം. ഇതിനാലാണ് വോട്ടര്‍ പട്ടികയെ പിച്ചിക്കീറുന്ന തീവ്ര പുനഃപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം വന്നത്.

Published

|

Last Updated

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് യാതൊരുവിധ കൂടിയാലോചനയുമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ തീവ്രപുനഃപരിശോധന പ്രഖ്യാപിച്ചത് സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായിട്ടാണ്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പരിപാടി അര്‍ഹതപ്പെട്ടവര്‍ക്ക് സമ്മതിദാന അവകാശം നഷ്ടപ്പെടുത്തുന്ന, ജനാധിപത്യ പ്രക്രിയ തങ്ങളുടെ ഇംഗിതങ്ങള്‍ക്കാവശ്യമായ രീതിയില്‍ അട്ടിമറിക്കുന്ന ഫാസിസ്റ്റ്നീക്കമാണെന്ന് തന്നെ കാണണം. ഓരോ വോട്ടറും നിരന്തരം തനിക്കൊരു വോട്ടറാകാന്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടിവരുന്ന ഗതികേട് ജനാധിപത്യത്തെ അര്‍ഥരഹിതമാക്കുന്ന ഫാസിസ്റ്റ് കളിയാണ്.

വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ പുറത്താക്കുന്ന തീവ്ര നടപടികള്‍ നാസികളും ജര്‍മനിയില്‍ പരീക്ഷിച്ചതാണെന്ന ചരിത്രം നമുക്ക് ഓര്‍മയിലുണ്ടാകണം. ഈ നീക്കങ്ങളെല്ലാം മറ്റൊരു വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രയോഗവത്കരണമാണെന്ന് മതനിരപേക്ഷ ശക്തികള്‍ തിരിച്ചറിയേണ്ടതുമുണ്ട്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ ബിഹാറില്‍ തുടങ്ങി ഇന്ത്യയാകെ പ്രയോഗത്തില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും ബി ജെ പി ക്കും മോദി സര്‍ക്കാറിനുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സാധാരണ നിലയിലുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ ബിഹാറില്‍ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമ്മീഷന്‍ ജൂണ്‍ 24ന് തീവ്ര പുനഃപരിശോധന ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത്. ഒരു പത്രസമ്മേളനം വിളിച്ച് ഇത്രയും സുപ്രധാനമായൊരു കാര്യത്തെ കുറിച്ച് രാജ്യത്തോട് വിശദീകരിക്കുക എന്ന ജനാധിപത്യപരമായ മര്യാദ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങി രാത്രി വളരെ വൈകി ഒരു പത്രക്കുറിപ്പിലൂടെയാണ് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രഖ്യാപിച്ചത്. പിറ്റെ ദിവസം തന്നെ നപടികളാരംഭിക്കുകയും ചെയ്തു. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന കാര്യത്തില്‍ സംശയമില്ല. പൗരത്വവുമായി കൂട്ടിയിണക്കിയുള്ള പരിശോധനയാണിതെന്നതാണ് വസ്തുത. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെയൊന്നും വകവെക്കാതെ നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്മീഷന്‍. വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീം കോടതി അടിയന്തര പ്രാധാന്യത്തോടെ തന്നെ ഹരജികള്‍ പരിഗണിക്കുമെന്നാണറിയുന്നത്. വോട്ടര്‍മാരുടെ ജനാധിപത്യാവകാശങ്ങള്‍ കവരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്‍ ഡി എയിലെ തന്നെ പല കക്ഷികളും പുനഃപരിശോധനാ പ്രക്രിയയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ബി ജെ പിയും സംഘ്പരിവാറും മാത്രമാണ് കമ്മീഷനെ പിന്തുണക്കുന്നത്.

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമെന്നും അത് കേന്ദ്ര ഭരണത്തെ കൂടി ബാധിക്കുമെന്നുമുള്ള പരിഭ്രാന്തിയാണ് ഈയൊരു നീക്കത്തിനുള്ള അടിയന്തര പ്രേരണയെന്ന് കാണാം. ബിഹാറില്‍ സംസ്ഥാന ഭരണം പോയാല്‍ അത് കേന്ദ്ര ഭരണത്തിന്റെ അസ്ഥിരീകരണത്തിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് ബി ജെ പിക്കറിയാം. ഇതിനാലാണ് വോട്ടര്‍ പട്ടികയെ പിച്ചിക്കീറുന്ന തീവ്ര പുനഃപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം വന്നത്.

എന്താണ് ഈ തീവ്ര പുനഃപരിശോധന? ഇത് കേവലമായ, പലരും ധരിക്കുന്നത് പോലെ, ലളിതമായൊരു നടപടിയല്ല. നിലവിലുള്ള വോട്ടര്‍ പട്ടിക പ്രകാരം 7.9 കോടി വോട്ടര്‍മാരാണ് ബിഹാര്‍ സംസ്ഥാനത്തുള്ളത്. പുതുതായി കുറച്ചുപേരെ കൂടി ചേര്‍ക്കുമ്പോള്‍ എണ്ണം എട്ട് കോടിയോളമാകാം. പുനഃപരിശോധനയുടെ പേരില്‍ പാവപ്പെട്ടവരും പിന്നാക്ക ദളിതുകളുമായ ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെയും തങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് തെളിയിക്കാനുള്ള തീക്ഷ്്ണമായ രേഖകളുടെ അഭാവത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പുറന്തള്ളാനുള്ള ഗൂഢാലോചനയാണിത്.

2023 വരെ പട്ടികയിലുള്ളവര്‍ വോട്ടവകാശത്തിനായി തങ്ങളുടെ പേരും വിവരങ്ങളുമുള്ള പേജ് ഉള്‍പ്പെടുത്തി ഫോറം പൂരിപ്പിച്ചു നല്‍കണം. ഇതൊക്കെ ബിഹാര്‍ പോലൊരു സംസ്ഥാനത്തെ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് എത്രത്തോളം സാധ്യമാകുമെന്നത് തന്നെ ആശങ്കാകുലമായ കാര്യമാണ്. 1987ന് മുമ്പ് ജനിച്ചവരാണെങ്കില്‍ അവരുടെ ജന്മസ്ഥലവും തീയതിയും ഉള്‍പ്പെടെയുള്ള ജനന രേഖയും വ്യക്തിഗത ഫോറത്തോടൊപ്പം ഹാജരാക്കണം. 1987നും 2024നും ഇടയില്‍ ജനിച്ചവരാണെങ്കില്‍ മാതാപിതാക്കളുടെ കൂടി ജനന രേഖകള്‍ ഹാജരാക്കണം. ബിഹാറിന്റെ പൊതു സ്ഥിതിയില്‍ നല്ല വീടോ ജനന തീയതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പതിവോ പാവപ്പെട്ടവര്‍ക്ക് ഇല്ലായെന്നതാണ് യാഥാര്‍ഥ്യം. പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ കൂട്ടത്തോടെ ആവാസ മേഖലകളില്‍ നിന്ന് പലയിടങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ഹതഭാഗ്യരാണ് വലിയൊരു വിഭാഗമാളുകളും. ഇവര്‍ക്കൊക്കെ എങ്ങനെ ജൂണ്‍ 25നും ജൂലൈ 25നും ഇടയില്‍ ഈ രേഖകളെല്ലാം ഹാജരാക്കി വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കാന്‍ കഴിയും?

വളരെ ആസൂത്രിതമായൊരു പുറന്തള്ളലിനുള്ള ചതിക്കുഴി എന്ന നിലയില്‍ തന്നെ തീവ്ര പുനഃപരിശോധനാ നീക്കത്തെ കാണണം. പുനഃപരിശോധനാ പ്രക്രിയയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത രേഖകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ചതിക്കുഴിയുടെ ആഴം നാമറിയുന്നത്. ആധാറും റേഷന്‍ കാര്‍ഡും തൊഴിലുറപ്പ് തിരിച്ചറിയല്‍ കാര്‍ഡും തുടങ്ങി സാധാരണക്കാരുടെ കൈയിലുള്ള ഒരു രേഖയും പരിഗണിക്കില്ല! അവിടെയാണ് പരിപാടി സാധാരണക്കാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളാനുള്ള അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നീക്കവും സംഘ്പരിവാര്‍ അജന്‍ഡയുമാകുന്നത്.

 

---- facebook comment plugin here -----

Latest