Connect with us

Prathivaram

ആനന്ദം പൂത്തുലയുന്ന ഹളർമൗത്തിലെ റബീഅ്

ദേശ ഭാഷാ വൈജാത്യങ്ങൾക്കപ്പുറത്ത് പ്രവാചക പ്രകീർത്തനങ്ങൾ ലോക രാജ്യങ്ങൾ ഒന്നിച്ച് പാടുന്ന അസുലഭ മുഹൂർത്തം. ആനന്ദദായകമായ കാഴ്ചകൾ... ശ്രവണ സുന്ദരമായ അലയൊലികൾ...

Published

|

Last Updated

പ്രവാചക പ്രകീർത്തന കാവ്യങ്ങൾ രചിച്ച എത്രയോ പേരുണ്ട് യമനിലെ ഹളർമൗത്തിൽ. തങ്ങളുടെ ജീവിതവഴികളിൽ വേണ്ടുവോളം വെളിച്ചം വിതറിക്കൊണ്ടേയിരിക്കുന്ന വിളക്കുമാടമാണ് തിരുനബി(സ) എന്ന തിരിച്ചറിവിൽ നിന്നാണ് അവരുടെ കവിതകളെല്ലാം പൂത്തുലഞ്ഞത്. പ്രണയാതുരങ്ങളായ കവിഹൃദയങ്ങളിൽ നിന്ന് പ്രകീർത്തന കാവ്യങ്ങൾ ഉറവപൊട്ടുന്നത് സ്വാഭാവികമാണല്ലോ. ഇങ്ങനെ, മുത്ത് നബി(സ) എന്ന സമാദരണീയ വ്യക്തിപ്രഭാവത്തെ പ്രകാശപൂർണമായ വിവരണങ്ങളോടെ സമഞ്ജസപ്പെടുത്തിക്കൊണ്ട്, ഹൃദയങ്ങളെ അനുഭൂതിയിലേക്ക് ആനയിക്കുന്ന ഒരു മൗലിദ് രചിച്ചിട്ടുണ്ട് ലോക പ്രശസ്ത പണ്ഡിതനും ദാറുൽ മുസ്ത്വഫ എന്ന വിശ്രുത കലാലയത്തിന്റെ ശിൽപ്പിയുമായ ഹബീബ് ഉമർ ബിൻ ഹഫീള് യമൻ. “ളിയാഉല്ലാമിഅ്’ എന്നാണതിന്റെ പേര്. നബിയിഷ്ടത്തിന്റെ കനലിൽ കാച്ചിയെടുത്ത ആത്മഗീതമാണ് ഈ മൗലിദ്. യമനിന് പുറമെ ആഫ്രിക്കയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും വ്യാപകമായും മറ്റനേകം നാടുകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ഈ മൗലിദ് പാരായണ സദസ്സുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അറബിയിൽ നിന്നും ഇംഗ്ലീഷ്, മലയു ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്തിട്ടുമുണ്ട്.

റബീഉൽ അവ്വൽ സമാഗതമാകുമ്പോൾ മാത്രമല്ല, ജീവിതകാലം മുഴുക്കെയും തിരുനബി സ്നേഹത്തിൽ അലിഞ്ഞുചേർന്നുള്ള പ്രയാണമാണ് ഹളർമൗത്തിലെ ജനങ്ങളുടെത്. വെള്ളിയാഴ്ച രാവുകൾ അതിന്റെ ഉദാഹരണമാണ്. പ്രവാചക പ്രണയത്തിന്റെ വസന്തം പെയ്തിറങ്ങുന്ന ഈ രാവുകൾ ദാറുൽ മുസ്ത്വഫ ജീവിതത്തിലെ മായാത്ത ഓർമകളാണ്. വ്യാഴാഴ്ച അസ്തമിക്കാൻ കാത്തിരിക്കുകയായിരിക്കും തരീമുകാർ. മഗ്്രിബ് ബാങ്കിന് മുമ്പ് തന്നെ അവർ തരീമിലെ ദാറുൽ മുസ്ത്വഫയിലേക്കൊഴുകിയെത്തും. തിരക്ക് കൂടുന്നതിന് മുമ്പ്, നേരത്തെ തന്നെ പള്ളിയിലെത്തി പലരും ഇരിപ്പിടമുറപ്പിക്കും. എല്ലാവരുടെയും മുഖത്ത് ആനന്ദത്തിന്റെ പുഞ്ചിരി വിടരുന്നത് കാണാം. വെള്ളിയാഴ്ച രാവുകൾ ക്യാമ്പസിൽ നടക്കുന്ന “ളിയാഉല്ലാമിഅ് മൗലിദ്’ സദസ്സിൽ പങ്കെടുക്കാനാണ് ഇത്ര ആവേശത്തോടെ അവർ ഓടിയെത്തുന്നത്. മഗ്്രിബ് നിസ്കാരാനന്തരമാണ് സദസ്സിന് തുടക്കം കുറിക്കുന്നത്. ഹബീബ് ഉമർ തങ്ങളും ഹളർമൗത്തിലെ പ്രധാന പണ്ഡിതരും സദസ്സിന് അഭിമുഖമായിരിക്കും. സദസ്സിന് മുന്നിൽ മൗലിദ് പാരായണത്തിന് നേതൃത്വം നൽകാനിരിക്കുന്ന സംഘം വളരെ മനോഹരമായി ഓരോ വരികളും ചൊല്ലാൻ തുടങ്ങും. ളിയാഉല്ലാമിഇന്റെ ഈരടികൾ കേൾക്കാൻ എന്തൊരാനന്ദമാണ്. താളവും മേളവും രാഗവും ശ്രുതിലയങ്ങളും ഇടതടവില്ലാതെ നിർത്സരിക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ഓരോ ഗീതവും. “അൽഹംദുലില്ലാഹില്ലദീ ഹദാനാ ബി അബ്ദിഹിൽ മുഖ്താരി…’ (തിരഞ്ഞെടുക്കപ്പെട്ട അടിമയെക്കൊണ്ട് ഞങ്ങളെ സന്മാർഗത്തിലാക്കിയ നാഥനാണ് നമോവാകങ്ങളിലഖിലവും) എന്ന് തുടങ്ങുന്ന തിരുമുൽ കാഴ്ച ഇലാഹിന്റെ മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് മൗലിദിലെ പ്രധാന വരികളാരംഭിക്കുന്നത്.

എല്ലാ തിങ്കളാഴ്ചയും അസർ നിസ്കാര ശേഷം ഒരു പ്രവാചക പ്രകീർത്തന സംഗമവും കൂടി ദാറുൽ മുസ്ത്വഫയിൽ നടക്കാറുണ്ട്. തിരുനബി (സ) യുടെ അപദാനങ്ങളെ സമഗ്രമായി പ്രദർശിപ്പിച്ച് ലോക ഹൃദയങ്ങളിൽ അനുരാഗത്തിന്റെ അനുഭൂതി വിതറിയ ഇമാം ബൂസ്വൂരി (റ) യുടെ ഖസ്വീദത്തുൽ ബുർദയുടെയും ഖസ്വീദത്തുൽ മുഹമ്മദിയ്യയുടെയും പാരായണമാണത്. പത്ത് ഖണ്ഡങ്ങളുള്ള ബുർദയുടെ ഓരോ ഫസ്്ലും ഓരോ രാജ്യക്കാരുടെ നേതൃത്വത്തിലാണ് ചൊല്ലാറുള്ളത്. ദേശ ഭാഷാ വൈജാത്യങ്ങൾക്കപ്പുറത്ത് പ്രവാചക പ്രകീർത്തനങ്ങൾ ലോക രാജ്യങ്ങൾ ഒന്നിച്ച് പാടുന്ന അസുലഭ മുഹൂർത്തം! ആനന്ദദായകമായ കാഴ്ചകൾ. ശ്രവണ സുന്ദരമായ അലയൊലികൾ. അറബനയുടെ അകമ്പടിയിൽ ഓരോ രാജ്യങ്ങളിലെ വിദ്യാർഥികളും വ്യത്യസ്ത രീതിയിൽ ആലപിക്കുന്ന ഖസ്വീദത്തുൽ ബുർദയുടെ ഈ സദസ്സ് വേറിട്ട അനുഭവമാണ്.

പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ആലപിക്കുന്ന ഗായക സംഘങ്ങളും തരീമിലുണ്ട്. അല്ലെങ്കിലും താളുകളിൽ നിർജീവമായി കിടക്കേണ്ടതല്ലല്ലോ കീർത്തന കാവ്യങ്ങൾ. അവ ആസ്വാദക സംഘങ്ങൾക്കു മുന്നിൽ നിരന്തരം അവതരിപ്പിക്കപ്പെടുക എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. “മദ്ദാഹൂൻ അർറസൂൽ’ എന്നാണ് ഈ ആലാപന സംഘങ്ങൾ വിളിക്കപ്പെടുന്നത്. റസൂലിന്റെ മദ്ഹ് പാടുന്നവർ എന്ന് അർഥം. പഴയ കാലം മുതൽ തന്നെ ഇങ്ങനെയുള്ള സംഘങ്ങൾ അറബികൾക്കിടയിൽ വ്യാപകമാണ്. ആഘോഷവേളകളിലെല്ലാം ആ ഗായകസംഘങ്ങൾ മദ്ഹ് പാടാനായി പ്രത്യേകം ക്ഷണിക്കപ്പെടാറുണ്ട്. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വാബാ ഫൗണ്ടേഷനും ഹളർമൗത്തിലെ ഫിർഖത്തുൽ മസറ ഇൻശാദിയയും ദാറുൽ മുസ്ത്വഫയിൽ നടത്തുന്ന ഇത്തരം മദ്ഹ് ആസ്വാദന വേദികളിൽ നൂറുക്കണക്കിനാളുകളാണ് ഒരുമിച്ചുകൂടാറുള്ളത്.

ഹളർമൗത്തിൽ സ്നേഹവസന്തം പെയ്തിറങ്ങുന്ന റബീഇന്റെ നാളുകൾ കൊടുംതണുപ്പുള്ള കാലമാണ്. ഒന്നിലധികം വസ്ത്രങ്ങളും കമ്പിളിയും കോട്ടും ധരിച്ചാലും തുളച്ചുകയറുന്ന തണുപ്പ് ശരീരത്തെ കുത്തിനോവിക്കും. കൊടുംവേനലിൽ പള്ളിയും മുറികളും ശീതീകരിക്കാൻ ഉപയോഗിച്ചിരുന്ന “സ്വഹ്റാവി’കളെല്ലാം കവറിട്ട് മൂടും. ബാത്റൂമുകളിലും മറ്റും ഘടിപ്പിച്ചിരിക്കുന്ന ഹീറ്റർ നിരന്തരം പ്രവർത്തിക്കാൻ തുടങ്ങും. കമ്പിളിപ്പുതപ്പില്ലാത്തവർക്ക് ക്യാമ്പസിൽ സൗജന്യമായി തന്നെ അവ വിതരണം ചെയ്യും. എല്ലാവരും മൂടിപ്പുതച്ചാണ് പള്ളിയിൽ വരുന്നതും ക്ലാസുകളിലിരിക്കുന്നതും. പലരുടെയും മുഖം കരുവാളിച്ചിട്ടുണ്ടാകും. ചുണ്ട് കറുത്ത് തൂങ്ങും. നടക്കുമ്പോൾ കാൽ വിണ്ട് കീറാതിരിക്കാനും ചിരിക്കുമ്പോൾ ചുണ്ട് വലിഞ്ഞുപൊട്ടാതിരിക്കാനും നന്നായി പാട്പെടും. എപ്പോഴും തുറന്ന് കിടക്കുന്ന പള്ളിയുടെ വാതിലുകൾ അടഞ്ഞ് തന്നെ കിടക്കും. വാതിൽ തുറന്ന് അകത്ത് കടക്കുന്നവരെ നോക്കി ഉള്ളിലിരിക്കുന്നവർ അസ്വസ്തത പ്രകടിക്കുന്നത് കാണാം. പുറത്ത് നിന്നും അവരോടൊപ്പം അസഹനീയമായ തണുപ്പും അകത്തേക്ക് കുതിച്ച് വരുന്നതാണ് കാരണം. ഈ കൊടും തണുപ്പിലും തിരുപ്പിറവിയുടെ വസന്ത നാളുകൾ വന്നാൽ ഹള്റമികളുടെ മനസ്സിലും ആനന്ദത്തിന്റെ കുളിർമഴ പെയ്യുന്നുണ്ടാകും.

ഹളർമൗത്തിലെ റബീഅ് കാലം അവരുടെ തനത് മുദ്രകൾ കൊണ്ട് ശ്രദ്ധേയമാണ്. റബീഉൽ അവ്വൽ ഒന്നിന്റെ പുലരിയിൽ തന്നെ മൗലിദിന്റെ സദസ്സുകൾക്ക് ആരംഭം കുറിക്കും. ആദ്യ സദസ്സ് തരീം പട്ടണത്തിലെ മസ്ജിദുൽ മിഹ്ളാറിലാണ്. ദാറുൽ മുസ്ത്വഫയിലെ സുബ്ഹ് നിസ്കാരവും പ്രാർഥനയും കഴിഞ്ഞ് എല്ലാവരും അങ്ങോട്ട് പുറപ്പെടും. വാഹനത്തിലും കാൽനടയായും കൊടുംതണുപ്പിനെ വകവെക്കാതെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ഓടിയെത്തുകയായിരിക്കും. പള്ളിയുടെ ഉയരമുള്ള മിനാരങ്ങളിൽ നിന്നും വിദൂരതയിലേക്ക് ഒഴുകുന്ന മദ്ഹിന്റെ ഈരടികൾ ഹൃദ്യമാണ്. വാഹനം പാർക്ക് ചെയ്ത് എല്ലാവരും പള്ളിയിലേക്ക് ഓടുകയായിരിക്കും. മുന്നിലെത്താനുള്ള ആഗ്രഹമാണ്. ഇമാം അബ്ദുർറഹ്മാൻ ദീബഈ രചിച്ച “മൗലിദു ദീബഈ’യാണ് അവിടെ പാരായണം ചെയ്യാറുള്ളത്. ജനബാഹുല്യം കാരണം പള്ളി നിറഞ്ഞ് കവിഞ്ഞിരിക്കും. എല്ലാവരും വലിയ ആവേശത്തിലായിരിക്കും. റബീഉൽ അവ്വൽ സമാഗതമായതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാം. പിറകിലേക്ക് നോക്കിയാൽ പള്ളിയുടെ നടുത്തളം നിറഞ്ഞ് ആളുകൾ പുറത്തേക്കെത്തിയിട്ടുണ്ടാകും. അകത്ത് മാത്രമേ ഇരിക്കാൻ കാർപ്പറ്റ് വിരിക്കാറുള്ളൂ. പുറത്തിരിക്കുന്നവർ കൈയിലുള്ള ശാളോ പുതപ്പോ വിരിക്കണം. അങ്ങനെ സദസ്സ് വലുതായി നിരത്തിലേക്ക് നീളും. ശരീരത്തിൽ തുളച്ച് കയറുന്ന കൊടും തണുപ്പിൽ ഇവരെ പിടിച്ചിരുത്തുന്നത് തിരുനബി(സ)യോടുള്ള മഹബ്ബത് മാത്രമാണെന്നതാണ് യാഥാർഥ്യം. സയ്യിദന്മാരും പണ്ഡിതരും സദസ്സിന്റെ മുന്നിലായിരിക്കും. ഇത്തരം വിശേഷ ദിവസങ്ങളിൽ തരീമിലെ മുഴുവൻ സയ്യിദ് പ്രമുഖരും പണ്ഡിതന്മാരും സന്നിഹിതരായിരിക്കും. മൗലിദിന് നേതൃത്വം നൽകുന്ന ആലാപനക്കാരും അവർക്കൊപ്പമുണ്ടാകും. പ്രായം ചെന്നവരാണ് മൗലിദിന് നേതൃത്വം നൽകുന്നത്. യമനീ ശൈലിയിലുള്ള അവരുടെ പാരായണം ഹൃദ്യമാണ്. ബാഹർമി ഗോത്രക്കാരാണവർ. ഇമാം ഹദ്ദാദ് (റ)ന്റെ പാട്ടുകാരാണ് ബാ ഹർമികൾ. പാരമ്പര്യമായി അവർ ഈ ബഹുമതി ഇന്നും സൂക്ഷിച്ചു പോരുന്നുണ്ട്. ഇവിടെ കഹ്്വ വിതരണം ചെയ്യുന്നവരും ഊദ് പുകക്കുന്നവരും പ്രത്യേക ഗോത്രങ്ങളിൽ പെട്ടവരാണ്.

റബീഉൽ അവ്വൽ പതിനൊന്നിന് അസർ നിസ്കാര ശേഷം തരീമിലെ അൽ ഖലീഫ് പ്രദേശത്തെ മസ്ജിദ് ശുക്റയിൽ നടക്കുന്ന മൗലിദ് പരിപാടിയോടെയാണ് ഹളർമൗത്തിലെ പന്ത്രണ്ടിലെ നബിദിനാഘോഷത്തിന്റെ തുടക്കം. ആലു അബീ അലവി കുടുംബത്തിലെ സയ്യിദുമാരുടെ നേതൃത്വത്തിലായിരിക്കും പരിപാടി. സയ്യിദ് ജാഫറുൽ ബർസഞ്ചി രചിച്ച “ബർസഞ്ചി മൗലിദാ’ണ് ഇവിടെ പാരായണം ചെയ്യുന്നത്. ബാ ഫള്ൽ പണ്ഡിതരാണ് മൗലിദ് ചൊല്ലാറുള്ളത്. ശേഷം ബാ ഹർമികളുടെ നശീദയും ഉണ്ടാകും. പിന്നീട് ഓരോ ദിവസവും വ്യത്യസ്ത പള്ളികളിലും സാവിയകളിലും രിബാത്വുകളിലും വിപുലമായ മൗലിദ് സദസ്സുകൾ നടക്കും. റബീഉൽ അവ്വൽ 12ന് ഹളർമൗത്തിൽ മുഴുക്കെ മീലാദാഘോഷങ്ങളുടെ അലയൊലികളായിരിക്കും. യമനിലെ വളരെ പ്രശസ്തമായ ഹുദൈദ, സബീദ് എന്നീ ചരിത്ര നഗരങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചതുകൊണ്ട് ഹളർമൗത്തിനപ്പുറം യമനിന്റെ നോർത്ത് – ഈസ്റ്റ് ഭാഗങ്ങളിൽ നടക്കുന്ന മീലാദാഘോഷ പരിപാടികളും അവിടേക്കുള്ള പാതയോരങ്ങളിൽ തിരുപ്പിറവിയുടെ സന്തോഷത്തെ വിളിച്ചോതുന്ന പൊലിമ നിറഞ്ഞ ആരവങ്ങളും കാണാനായി. ആ യാത്രയിൽ തുറമുഖ പട്ടണമായ സബീദിലാണ് റബീഉൽ അവ്വൽ പന്ത്രണ്ടിന് ഞങ്ങൾ താമസിച്ചത്. ആ വർഷം നബിദിനം തിങ്കളാഴ്ച ദിവസമായത് കൂടുതൽ സന്തോഷഭരിതരാക്കി. സുബ്ഹിക്ക് മുമ്പ് എല്ലാവരും എഴുന്നേറ്റു. ലോകം മുഴുവൻ ആഘോഷിക്കുന്ന സന്തോഷപ്പുലരിയിൽ ചെങ്കടൽ കാറ്റിന്റെ സംഗീതത്തിന് താളം പിടിച്ച് ഞങ്ങൾ മൗലിദ് പാരായണം നടത്തി.

ഉച്ചയോടെ വീണ്ടും ഒരു സന്തോഷം ഞങ്ങളെ തേടിയെത്തി. ഹുദൈദയിലെ പൗരപ്രമുഖനായ സയ്യിദ് സാലിം ജുനൈദിയുടെ നേതൃത്വത്തിൽ പട്ടണത്തിലെ ഒരു ഓഡിറ്റോറിയത്തിൽ വെച്ച് ഗംഭീരമായ മൗലിദാഘോഷം നടക്കുന്നുണ്ട്. അതിലേക്ക് ദാറുൽ മുസ്ത്വഫയിൽ നിന്നും വന്ന വിദ്യാർഥികളെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നുവെന്ന വാർത്തയാണത്. വളരെ ആനന്ദത്തോടെയാണ് ഞങ്ങൾ ആ പരിപാടിയിലേക്കെത്തിയത്. ഓഡിറ്റോറിയത്തിന് പുറത്ത് യമൻ സൈന്യം സുരക്ഷാവലയം തീർത്തിരിക്കുന്നു. ശിയാ – സലഫി ആക്രമണങ്ങളെ പ്രതിരോധിക്കാനാണത്രെ ഈ സുരക്ഷ! ഞങ്ങൾ ഉള്ളിലേക്ക് കയറി. ദീപാലംകൃതമായ വേദിയും സദസ്സും. മഗ്്രിബ് നിസ്കാര ശേഷം വിവിധ ട്രൂപ്പുകൾ സ്റ്റേജിൽ അണിനിരന്നു. അറബനയുടെ അകമ്പടിയിൽ നശീദകളും മദ്ഹ് ഗീതങ്ങളും ആലപിക്കാൻ തുടങ്ങി. സയ്യിദ് സാലിം ജുനൈദി സ്റ്റേജിന്റെ മുൻനിരയിൽ തന്നെയുണ്ട്. ലോക പ്രശസ്ത പണ്ഡിതനും പ്രബോധകനുമായ ജോർദാനിലെ ശൈഖ് ഔൻ ഖദ്ദൂമിയാണ് മുഖ്യാതിഥി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നത്. പരിപാടിക്കെത്തിയവർക്ക് സയ്യിദ് ജുനൈദി ഒരുക്കിയിരുന്ന സദ്യയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞുപോയത്.

ദാറുൽ മുസ്ത്വഫയിലെ മീലാദ് പരിപാടി റബീഉൽ അവ്വലിലെ അവസാന തിങ്കളാഴ്ചയാണ്. പതിമൂന്ന് മുതൽ ക്യാമ്പസിൽ നടക്കുന്ന മൗലിദ് സദസ്സുകൾ വളരെ രസകരമാണ്. റൂമുകളിലും വരാന്തയിലും കോണിപ്പടിയിലും മുറ്റത്തും മക്തബിലും തുടങ്ങി സ്ഥാപനത്തിനകത്ത് എല്ലാ കോണുകളിലും തിരു ഹബീബ് (സ) യുടെ മദ്ഹിന്റെ അലയൊലികൾ ഉയരുന്ന മജ്്ലിസുകൾ സംഘടിപ്പിക്കും. വൈകുന്നേരം നടക്കുന്ന പ്രൗഢ ഗംഭീരമായ റാലിയോടെയാണ് സമാപന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പണ്ഡിതരും സാദാത്തുക്കളും മുന്നിൽ തന്നെ അണിനിരക്കും. നാട്ടിലെ എല്ലാ ജനങ്ങളും പങ്കെടുക്കുന്ന റാലിയിൽ ദഫിന്റെ അകമ്പടിയിൽ മൗലിദിന്റെ ഈരടികളേറ്റുപാടും. ക്യാമ്പസിന്റെ മുറ്റത്താണ് റാലി സമാപിക്കുക. അന്നേ ദിവസം രാത്രിയിൽ നടക്കുന്ന പരിപാടി വളരെ ആകർഷണീയമാണ്. ഓരോ ട്രൂപ്പുകൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്ലോട്ടുകൾ അവതരിപ്പിക്കും. ഇസ്്ലാമിക ചരിത്രത്തെ അനുസ്മരിക്കുന്ന ഒട്ടേറെ മോഡലുകൾ പ്രദർശിപ്പിക്കും. കച്ചവടക്കാർ അവരുടെ കടയിലിരുന്ന് ഖുർആൻ ഓതുന്ന മാതൃകയിലാണ് വരിക. ശേഷം കച്ചവടവുമായി ബന്ധപ്പെട്ട ഹദീസുകൾ അവർ വിശദീകരിക്കും. അറവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർ സംസാരിക്കും. കർഷകർ കലപ്പയുമായി വരും. അമ്പെയ്ത്തുകാരും ആയോധന കലാകാരന്മാരും അവരുടെ പ്രകടനങ്ങൾ കാഴ്ചവെക്കും. ഇങ്ങനെ ക്രിയാത്മകമായ ഒട്ടേറെ കാര്യങ്ങളാണ് ഹളർമൗത്തിലെ നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കാറുള്ളത്.