Kerala
ഏഴുവയസുകാരന്റെ കയ്യിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം

പത്തനംതിട്ട|പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. കൈക്ക് പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ഓമല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ ഏഴുവയസുകാരനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയെന്നാണ് പരാതി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ആരോപണം. കുട്ടിയുടെ കൈക്ക് പറ്റിയ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റര്‍ ഇടുകയായിരുന്നു. കുട്ടിയുടെ കൈ പഴുത്ത് വ്രണമാകുകയും കഠിന വേദനമൂലം ആശുപത്രിയിലെത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പിതാവ് മനോജ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് മനു സൈക്കിളില്‍ നിന്ന് വീണ് കൈപ്പത്തിക്ക് പരുക്കേറ്റത്. കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അസ്ഥിക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞ് കൈക്ക് പ്ലാസ്റ്ററിടുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ അസഹ്യമായ വേദനയും കൈയില്‍ നിന്ന് പഴുപ്പ് വരികയും ചെയ്തു. വീണ്ടും ഇതേ ഡോക്ടറെ വന്ന് കാണിച്ചപ്പോഴും അസ്ഥിക്ക് പൊട്ടലുണ്ടായാല്‍ വേദനയുണ്ടാകുമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് പിതാവ് പറയുന്നു. എന്നാല്‍ രക്തവും പഴുപ്പും പുറത്ത് വന്നപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞത്.
എന്നാല്‍ പിതാവ് മറ്റൊരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. കുട്ടിയുടെ കൈക്ക് ഗുരുതരമായ ചതവുണ്ടായിരുന്നു. ഇത് പരിഗണിക്കാതെ പ്ലാസ്റ്ററിട്ടതുകൊണ്ടാണ് പഴുപ്പ് ഉണ്ടായതെന്നും ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ കൈക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് തിരുവല്ലയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.