Editorial
ഭരണഘടനാ ഭേദഗതി ബില്ലിനു പിന്നില്‍ ഒളിയജന്‍ഡ
പ്രതിപക്ഷ വേട്ടക്ക് പുതിയ ഒരായുധം എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണത്തിന് ഈ നിയമനിര്‍മാണം സഹായകമാകില്ല. പ്രതിപക്ഷ സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുകയും ഫെഡറല്‍ ഘടനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തലുമായിരിക്കും ഇതിന്റെ അനന്തരഫലം.

ഗുരുതര കുറ്റകൃത്യ ആരോപണത്തിനു വിധേയരായി മാസങ്ങളോളം ജയിലില്‍ കഴിയുന്ന മന്ത്രിമാര്‍ മന്ത്രിപദവിയില്‍ തുടരുകയും ഭരണം കൈയാളുകയും ചെയ്യുന്നത് രാഷ്ട്രീയ മാന്യതക്കും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും യോജിച്ചതല്ല. ഈ നിലയില്‍ പ്രത്യക്ഷത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ബുധനാഴ്ച ലോക്‌സഭയല്‍ അവതരിപ്പിച്ച,130ാം ഭരണഘടനാ ഭേദഗതി ബില്ല്. ഗുരുതര കുറ്റകൃത്യത്തിന് അറസ്റ്റിലായി ഒരു മാസം ജയിലില്‍ കഴിയേണ്ടി വരുന്ന കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെ സ്ഥാനത്യാഗത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ മന്ത്രിപദവിയിലുള്ള എല്ലാവര്‍ക്കും ബാധകമാകുന്ന വിധമാണ് ബില്ല് തയ്യാറാക്കിയത്.
ക്രിമിനലുകളെ മാറ്റിനിര്‍ത്തി രാഷ്്ട്രീയം ശുദ്ധീകരിക്കുന്നതിന് സഹായകമായ നിയമ നിര്‍മാണം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സുപ്രീം കോടതിയും നിയമ കമ്മീഷനും ഈ വഴിക്ക് നിരവധി ശ്രമങ്ങള്‍ നടത്തിയതുമാണ്. രാഷ്ട്രീയ കക്ഷികളുടെ നിസ്സഹകരണം മൂലം ഒന്നും വിജയിച്ചില്ല. ഈ വിഷയത്തില്‍ ചെറിയൊരു നീക്കമെന്ന മട്ടിലാണ് മോദി സര്‍ക്കാര്‍ 130ാം ഭരണഘടനാ ഭേദഗതി ബില്ല് കൊണ്ടുവന്നത്. രാഷ്ട്രീയത്തിലെ ധാര്‍മികതയും നൈതികതയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബില്ല് അവതരിപ്പിക്കവെ അമിത് ഷാ അവകാശപ്പെടുകയും ചെയ്തു. പക്ഷേ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതു പോലെ സദുദ്ദേശ്യപരമല്ല; ഒളിയജന്‍ഡകള്‍ പതിയിരിപ്പുണ്ട് ഈ ബില്ലിനു പിന്നിലെന്ന് സംശയിക്കേണ്ടതുണ്ട്. വോട്ട് കവര്‍ച്ചാ ആരോപണം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുകയും രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടവകാശ യാത്രക്ക് പൊതുജനത്തിനിടയില്‍ വന്‍സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഈ വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ബില്ലവതരണത്തിന്റെ ഒരു ലക്ഷ്യമെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം പിരിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായാണ് ബില്ല് അവതരിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകളെയും മന്ത്രിമാരെയും വേട്ടയാടിക്കൊണ്ടിരിക്കെ മന്ത്രിമാരുടെ സ്ഥാനം തെറിക്കുന്ന ബില്ലിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്്രിവാള്‍, ഡി എം കെ നേതാവും തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രിയുമായിരുന്ന സെന്തില്‍ ബാലാജി തുടങ്ങി പ്രതിപക്ഷ നിരയിലെ പല മന്ത്രിമാരും കേസില്‍ കുടുങ്ങി മാസങ്ങളോളം ജയിലില്‍ കിടന്നിട്ടും മന്ത്രിപദവിയില്‍ തുടര്‍ന്നിരുന്നു. അരവിന്ദ് കെജ്്രിവാള്‍ ജയിലില്‍ കിടന്ന് ഡല്‍ഹി ഭരിക്കുകയും സംസ്ഥാന രാഷ്ട്രീയം കൈയാളുകയും ചെയ്തത് കേന്ദ്രത്തെയും ബി ജെ പിയെയും വല്ലാതെ അലോസരപ്പെടുത്തുകയുണ്ടായി. സെന്തില്‍ ബാലാജി അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്റ്റാലിന്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാത്തതും ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി മന്ത്രപദവി കൈയാളിയതും ഗവര്‍ണറും തമിഴ്‌നാട് സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഒടുവില്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നോ ജയിലില്‍ പോകുന്നോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറായത്. ഇതാണ് പുതിയ ബില്ലിന്റെ പശ്ചാത്തലമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബില്ല് നിയമമായാല്‍ ജയിലില്‍ കിടന്ന് മാസങ്ങളോളം മന്ത്രിപദം കൈയാളുന്ന പ്രവണതക്ക് അറുതിയാകുമെങ്കിലും ഫലത്തില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളൂ. ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, സര്‍ക്കാറിന്റെ അനുമതിയോ കോടതി നിര്‍ദേശമോ ഇല്ലാതെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇവരെയൊന്നും തൊടാനാകില്ല. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരമൊരു സംരക്ഷണ കവചവുമില്ല. പ്രതിപക്ഷ വേട്ടക്ക് പുതിയ ഒരായുധം എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണത്തിന് ഈ നിയമനിര്‍മാണം സഹായകമാകില്ല. പ്രതിപക്ഷ സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുകയും ഫെഡറല്‍ ഘടനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തലുമായിരിക്കും ഇതിന്റെ അനന്തരഫലം.
രാഷ്ട്രീയ രംഗത്തും ഭരണമേഖലയിലും ധാര്‍മികതയും വിശുദ്ധിയും ആവശ്യമാണ്. രാഷ്ട്രീയ കക്ഷികളുടെ നേതൃപദവികളില്‍ അവരോധിക്കപ്പെടുന്നവരുടെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവരുടെയും ജീവിത വിശുദ്ധി ഉറപ്പ് വരുത്തുകയാണ് ഈ ലക്ഷ്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആദ്യമായി വേണ്ടത്. പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തന വേദി സമൂഹമാണ്. നേതൃത്വത്തിന്റെ വിശുദ്ധിയും ധാര്‍മികതയും സമൂഹത്തില്‍ ഗുണകരമായ ഫലങ്ങള്‍ സൃഷ്ടിക്കും. അവരുടെ അധാര്‍മികതയും അവിശുദ്ധിയും സമൂഹത്തില്‍ ദുഷ്ഫലങ്ങളും സൃഷ്ടിക്കും. അതേസമയം കൊലക്കേസുകളില്‍ പ്രതിസ്ഥാനത്ത് വന്നവരും വര്‍ഗീയ കലാപങ്ങള്‍ക്കും വംശീയഹത്യകള്‍ക്കും നേതൃത്വം നല്‍കിയവരുമൊക്കെയാണ് നിലവില്‍ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തലപ്പത്തും ഉന്നത പദവി കളിലും വരുന്നതും നിയമനിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തു വിട്ട കണക്കനുസരിച്ച് നിലവിലുള്ള 543 ലോക്‌സഭാ എം പിമാരില്‍ 251 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. രാജ്യസഭാ അംഗങ്ങളില്‍ മൂന്നിലൊന്നും ക്രിമിനല്‍ കേസ് പ്രതികളാണ്. നിയമസഭാ സാമാജികരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒരു വ്യക്തിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കില്ലെന്നതാണ് ഈ ദു:സ്ഥിതിക്ക് കാരണം. ഈ ലക്ഷ്യത്തില്‍ സമഗ്രമായ ഒരു സമഗ്ര നിയമം നിലവില്‍ വരാത്ത കാലത്തോളം രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണം തുടര്‍ന്നു കൊണ്ടിരിക്കും.