From the print
കേരള തീരത്ത് പുതിയ ന്യൂനമർദം; "റിമാൽ' ഇന്ന് രൂപപ്പെടും
മഴ തുടരും, ഏഴ് ജില്ലകളിൽ മഞ്ഞ ജാഗ്രത • കാലവർഷം ഇത്തവണ നേരത്തേ എത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം | മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ഇന്ന് “റിമാൽ’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 80 കി. മീ വേഗത പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ കൂടുതൽ ശക്തിയാർജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
മണിക്കൂറിൽ 120 കി.മീ. വരെയും പിന്നീട് 130 കി.മീ. വരെയും കാറ്റ് വേഗതയാർജിക്കും. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന “റിമാൽ’ നാളെ വൈകിട്ടോടെ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ രൂപപ്പെടുന്ന ആദ്യചുഴലിക്കാറ്റാണ് റിമാൽ. ഇതിന് പുറമേ തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്ത് പുതിയ ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദം ദുർബലപ്പെട്ട് നിലവിൽ ചക്രവാതച്ചുഴിയായി സ്ഥിതി ചെയ്യുകയാണ്. ഇവയുടെ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം, കാലവർഷം കേരളത്തിലെത്തുന്ന സമയത്തിൽ മാറ്റം വന്നേക്കും. മെയ് 31 ഓടെ കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ കാലവർഷം ശ്രീലങ്കയുടെ മധ്യമേഖല കടന്ന് വടക്കൻ മേഖലയിലേക്ക് കൂടി വ്യാപിച്ചു. ആൻഡമാനിൽ പൂർണമായി വ്യാപിച്ച് മ്യാൻമർ വരെ എത്തി. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രവചിച്ചതിലും നേരത്തേ കാലവർഷം എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശമുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.