Connect with us

Travelogue

വിമാനത്താവളത്തിലെ വിലാപങ്ങൾ

എമിഗ്രേഷനിൽ എത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ചൈനക്കാർ ഒന്നടങ്കം കൗണ്ടറിൽ കാത്തുനിൽക്കുന്നു. ഫ്ലൈറ്റ് വിടാൻ ഇരുപത് മിനുട്ട് പോലുമില്ല. അതിനിടക്ക് എക്‌സിറ്റ് അടിക്കണം, ഭൂമിയോളം വിശാലമായ ക്വാലാലംപൂർ എയർപോർട്ടിലെ ഏതോ മൂലക്കുള്ള ഗേറ്റിൽ ചെന്ന് വിമാനം കയറുകയും വേണം. ബോഡിംഗിന് നേരമായി മുന്നോട്ട് നീങ്ങാൻ അനുവാദം തന്നാൽ ഉപകാരമായിരിക്കുമെന്ന് മുന്നിലുള്ള ചൈനക്കാരോട് ഞാൻ താഴ്ന്നു അപേക്ഷിച്ചു. ഞാൻ പറഞ്ഞ ഭാഷ അവർക്കും അവർ പറഞ്ഞത് എനിക്കും മനസ്സിലാകാത്തത് കൊണ്ടാകും അനുകൂല സമീപനം ഉണ്ടായില്ല.

Published

|

Last Updated

ക്വാലാലംപൂരിൽ നിന്നും കംബോഡിയൻ തലസ്ഥാനമായ പ്‌നോംപെനിലേക്കുള്ള വിമാനം പ്രാദേശിക സമയം ഉച്ചക്ക് മൂന്ന് മണിക്കാണ്. എയർപോർട്ടിൽ എത്തുമ്പോൾ തന്നെ സമയം ഏറെ വൈകിയിരുന്നു. വൈകിയാലും ഓൺലൈനിലൂടെ ചെക്ക് ഇൻ ചെയ്ത് ബോഡിംഗ് പാസെടുത്ത ആഹ്ലാദത്തിൽ നേരെ കയറാൻ ചെന്നപ്പോൾ സ്വീകരിച്ചത് വിമാനത്താവളത്തിലെ എയർ ഏഷ്യയുടെ ഗ്രൗണ്ട് സ്റ്റാഫ്. ബഡ്ജറ്റ് വിമാനമാണ്. ലഗേജ് തൂക്കി ഏഴ് കിലോയിലധികമുണ്ട്. ഹാൻഡ് ലഗേജ് പറ്റില്ല, ബാഗേജ് ചെയ്യണം. കേരളത്തിലെ വെള്ളപ്പൊക്കം പറഞ്ഞു (അതെന്തിന് പറയുന്നു എന്ന് വ്യക്തമല്ല), അവൻ അതിനെക്കുറിച്ച് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. അല്ലെങ്കിൽ കൈയിലുള്ള വസ്തുവഹകൾ ചവറ്റുകൊട്ടയിൽ കളഞ്ഞു തൂക്കം കുറക്കേണ്ടി വരും. മനുഷ്യർ നാട്ടിൽ വെള്ളപ്പൊക്കവും ദുരിതവുമായിട്ട് ആവുന്നത്ര വസ്ത്രങ്ങളും അവശ്യ വസ്തുക്കളും ദുരിത ബാധിതരിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് അവൻ വസ്ത്രങ്ങൾ കളയാൻ പറയുന്നത്. അവനോടു തർക്കിച്ചു സമയം കളയാതെ നേരെ ബാഗേജ് ചെയ്യാൻ വേണ്ടി ചെക്ക് ഇൻ കൗണ്ടറിൽ ചെന്നപ്പോൾ കൗണ്ടർ അടച്ചു ഉദ്യോഗസ്ഥർ മടങ്ങിയിട്ടുണ്ട്. അധിക തൂക്കമുള്ള വസ്തുക്കൾ ബാഗേജ് ചെയ്യാൻ സംവിധാനമില്ലാതിരിക്കുന്നത് ബുദ്ധിമുട്ടു തന്നെയാണ്. വസ്ത്രം കളയാനും മനസ്സ് അനുവദിക്കുന്നില്ല. എന്നാൽ അവിടെയൊരു സംവിധാനം തുറന്നിട്ടുമില്ല. അറ്റകൈക്ക് ക്രുദ്ധമായ കണ്ണുകളുടെ ആവോളം പൗരുഷവും ഗമയും നടിച്ചുകൊണ്ട് നേരെ ഗ്രൗണ്ട് സ്റ്റാഫിന്റെ അരികിലേക്ക് നടന്നു. നമ്മുടെ മുഖഭാവവും വരവും കണ്ടായിരിക്കണം അവൻ പിന്നീട് നമ്മുടെ ലഗേജ് തൂക്കാനും തടയാനും മനസ്സ് കാണിച്ചില്ല. നമ്മളേതോ വലിയ കാര്യപ്പെട്ട ആളാണെന്നു തെറ്റിദ്ധരിച്ചിരിക്കണം!.

എമിഗ്രേഷനിൽ എത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ചൈനക്കാർ ഒന്നടങ്കം കൗണ്ടറിൽ കാത്തുനിൽക്കുന്നു. ഫ്ലൈറ്റ് വിടാൻ ഇരുപത് മിനുട്ട് പോലുമില്ല. അതിനിടക്ക് എക്‌സിറ്റ് അടിക്കണം, ഭൂമിയോളം വിശാലമായ ക്വാലാലംപൂർ എയർപോർട്ടിലെ ഏതോ മൂലക്കുള്ള ഗേറ്റിൽ ചെന്ന് വിമാനം കയറുകയും വേണം. ബോഡിംഗിന് നേരമായി മുന്നോട്ട് നീങ്ങാൻ അനുവാദം തന്നാൽ ഉപകാരമായിരിക്കുമെന്ന് മുന്നിലുള്ള ചൈനക്കാരോട് ഞാൻ താഴ്ന്നു അപേക്ഷിച്ചു. ഞാൻ പറഞ്ഞ ഭാഷ അവർക്കും അവർ പറഞ്ഞത് എനിക്കും മനസ്സിലാകാത്തത് കൊണ്ടാകും അനുകൂല സമീപനം ഉണ്ടായില്ല. (മനസ്സിലായാലും ചില നേരം നമ്മളും “അജ്ഞത’ എന്ന വിദ്യ ഉപയോഗിക്കാറുണ്ടല്ലോ !) നേരം കുറഞ്ഞു കൊണ്ടേയിരിക്കുന്നു. നാട്ടിൽ നടക്കുന്നത് പോലെ നിര തെറ്റിച്ചു മുന്നോട്ട് പോയാൽ ചൈനക്കാർ എല്ലാവരും കൂടി ഞങ്ങളെ ഒരുഭാഗത്ത് ഒതുക്കിമാറ്റുമെന്ന ഭയവുമുണ്ട്.

ഫ്ലൈറ്റ് വിടാൻ 15 മിനുട്ട് മാത്രമേയുള്ളൂവെന്നു മനസ്സിലായപ്പോൾ ആർകിടെക്ട് ദർവേഷ് പറഞ്ഞു “പെരുന്നാൾ മലേഷ്യയിൽ കൂടാം, ഇനി കംബോഡിയയിലേക്ക് പോകാൻ കഴിയില്ലെന്നുറപ്പായെന്ന്’. അദ്ദേഹത്തിന് പ്രതീക്ഷയറ്റു പോയിരുന്നു. എന്റെ ആധിക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. കാര്യം നടക്കണമെന്ന ഉദ്ദേശ്യത്തിൽ പരിസരം മറന്നുകൊണ്ട് തനി മലയാളി ശൈലിയിൽ എമിഗ്രേഷൻ കൗണ്ടറിലുള്ള ഉദ്യോഗസ്ഥനെ ഉച്ചത്തിൽ സാറെയെന്നു വിളിച്ച് വിഷയം പറഞ്ഞു. അദ്ദേഹം മുന്നിലുള്ളവരുടെ സമ്മതം ചോദിച്ചുവരാൻ പറഞ്ഞു. ആ പ്രത്യുത്തരം മുന്നോട്ട് വരാനുള്ള സമ്മതമാക്കി കണ്ടു ആളുകളെ വകഞ്ഞുമാറ്റി നേരെ എമിഗ്രേഷൻ കൗണ്ടറിലേക്ക് ചെന്നു. വിനീത ഭാവത്തോടെ എക്‌സിറ്റ് അടിച്ചുതരാൻ ആവശ്യപ്പെട്ടു. ചൈനക്കാർക്കിടയിലൂടെ ഞങ്ങൾ നടക്കുമ്പോൾ തന്നെ ഒട്ടുമിക്ക ആളുകളും മുറുമുറുപ്പോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ഞാൻ ആദ്യം സമ്മതം ചോദിച്ച വ്യക്തിക്ക് അത് തീരെ ഇഷ്ടമായില്ല. അത് ശ്രദ്ധിക്കാത്ത പോലെ നിന്നുകൊണ്ട് ഞങ്ങൾ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.

എക്‌സിറ്റ് എന്ന് സീൽ ചെയ്‌തെന്നുറപ്പായപ്പോൾ എല്ലാവർക്കും കൂപ്പു കൈ നമസ്‌കാരം നൽകി ഞങ്ങൾ നിർദേശിക്കപ്പെട്ട ഗെയ്റ്റിലേക്ക് ഓടി. വിശാലമായ ക്വാലാലംപൂർ എയർപോർട്ടിന്റെ വിവിധ ഭാഗങ്ങളിലെ ഉച്ചഭാഷിണിയിലൂടെ അതിനിടയിൽ ബോഡിംഗ് ഫൈനൽ കോൾ എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ പേരുകൾ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു. വിമാനം കയറി ഇരിപ്പിടത്തിൽ ഇരുത്തം ഉറച്ചതോടെയാണ് ശ്വാസം നേരെ വീണത്. സമയം ക്രമീകരിക്കുന്നതിലെ പാകപ്പിഴവുകളാണ് യാത്ര ഇത്രയധികം മാനസിക സമ്മർദത്തിന് അടിമപ്പെടുത്തുന്നത്.

Latest