International
ഗസ്സ: സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ട് ട്രംപും മറ്റ് ലോക നേതാക്കളും; ബന്ദികളെ മോചിപ്പിച്ചു
ശാശ്വത സമാധാനം ഉറപ്പുവരുത്തുക ലക്ഷ്യംവച്ച് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇരുപതിലധികം വരുന്ന ലോക നേതാക്കള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.

കെയ്‌റോ | ഗസ്സ സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മറ്റ് ലോക നേതാക്കളും. ശാശ്വത സമാധാനം ഉറപ്പുവരുത്തുക ലക്ഷ്യംവച്ച് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇരുപതിലധികം വരുന്ന ലോക നേതാക്കള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അവശേഷിക്കുന്ന 20 ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. തടവിലാക്കിയിരുന്ന 1,968 ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിച്ചിട്ടുണ്ട്. ഹമാസ് തടങ്കലിലാക്കിയ എല്ലാവരെയും റെഡ് ക്രോസ്സ് വഴി കൈമാറിക്കിട്ടിയതായി ഇസ്റഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇസ്റാഈല്‍ ജയിലുകളില്‍ മോചിതരാക്കപ്പെട്ട ഫലസ്തീനികളെയും വഹിച്ചുള്ള ബസുകള്‍ ഫലസ്തീനിലെത്തിയതായി ഒരു ഔദ്യോഗിക വക്താവും അറിയിച്ചു.
ഇത് ഒരു പുതിയ തുടക്കമാണെന്ന് കരാര്‍ പ്രാവര്‍ത്തികമാകുന്നതിന് നേതൃത്വം നല്‍കിയ ട്രംപ് പറഞ്ഞു. ഉച്ചകോടിയില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കില്ലെന്നാണ് അവസാന വിവരം. നെതന്യാഹു പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ഈജിപ്ത് അറിയിച്ചിരുന്നത്.
ഹമാസ് ബന്ദികളാക്കിയവരില്‍ ജീവിച്ചിരിക്കുന്ന 20 പേരെയാണ് മോചിപ്പിച്ചത്. രണ്ട് ഘട്ടമായാണ് ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ്സ് വഴി ഇസ്റാഈലിന് കൈമാറി. ബന്ദികള്‍ക്കായി തെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബന്ദിയാക്കപ്പെട്ടതിന് ശേഷം കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം കൈമാറി. 28 പേരില്‍ ശേഷിക്കുന്നവരുടെ മൃതദേഹം പിന്നീട് കൈമാറും.
ഇസ്റാഈല്‍ ജയിലുകളില്‍ ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന 250 ഫലസ്തീന്‍ തടവുകാരെയും അധിനിവേശം തുടങ്ങിയതിന് ശേഷം അറസ്റ്റിലായ 1,700 പേരെയുമാണ് കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരുടെയും മേല്‍ ഇതുവരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. മോചിതരായ ബന്ദികളെ സൈന്യം ഹെലികോപ്റ്ററില്‍ തെല്‍ അവീവിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ, മനഃശാസ്ത്ര പരിശോധനകള്‍ക്ക് ശേഷം ഇവര്‍ വീടുകളിലേക്ക് മടങ്ങും.
ഗസ്സ അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി പശ്ചിമേഷ്യയിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഇസ്റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റില്‍ സംസാരിച്ചു. അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ അവസാനിച്ചുവെന്നും പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ സൂര്യന്‍ ഉദിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങള്‍ ആരംഭിക്കലല്ല, അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല. നെസ്സറ്റില്‍ സംസാരിച്ചതിന് പിന്നാലെ ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഈജിപ്തിലെത്തിയ ട്രംപ് സമാധാന കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.
പാര്‍ലിമെന്റില്‍ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. അതേസമയം, സഭയെ ട്രംപ് അഭിസംബോധന ചെയ്യുന്നതിനിടെ പ്രതിഷേധവുമായി എം പിമാര്‍ രംഗത്തെത്തി. ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധിച്ച ഇടത് അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കി. ഫലസ്തീനെ അംഗീകരിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡ് അംഗങ്ങള്‍ ഉയര്‍ത്തി.