Connect with us

International

27 രാജ്യങ്ങളിലെ നേതാക്കൾ ശറം അൽ ഷെയ്ഖിൽ; ഗസ്സ സമാധാന ഉച്ചകോടിക്ക് അൽപസമയത്തിനകം തുടക്കം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംയുക്തമായാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്

Published

|

Last Updated

ഇസ്താംബൂൾ | ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും മധ്യപൂർവേഷ്യയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഈജിപ്തിലെ ശറം അൽ ഷെയ്ഖ് റിസോർട്ട് നഗരത്തിൽ ഇന്ന് ചേരുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംയുക്തമായാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 27 രാജ്യങ്ങളിലെ നേതാക്കളും ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കും.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോ​ഗാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, കുവൈറ്റ് പ്രധാനമന്ത്രി അഹ്മദ് അൽ അബ്ദുല്ല അൽ സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോ​വോ സുബിയാന്റോ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോട്ടാകിസ്, അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിനിയാൻ, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, നോർവീജിയൻ പ്രധാനമന്ത്രി യോ​നാസ് ​ഗഹർ സ്റ്റോർ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുദാനി, യു എ ഇ വൈസ് പ്രസിഡന്റ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബൂസൈദി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജാപ്പനീസ് അംബാസഡർ മസകി നോകെ (ഈജിപ്ത്), ഗ്രീക്ക് സൈപ്രസ് ഭരണാധികാരി നികോസ് ക്രിസ്റ്റോഡൌളിഡസ് എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കൂടാതെ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കും. യു എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ​ഗുട്ടെറസ്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, അറബ് ലീഗ് സെക്രട്ടറി-ജനറൽ അഹ്മദ് അബൂൽ ​ഗൈത് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഉച്ചകോടിയിൽ ഇസ്റാഈൽ പ്രതിനിധികൾ ആരും പങ്കെടുക്കില്ലെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മധ്യപൂർവേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഷാം എൽ ഷെയ്ഖ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളെന്ന് ഈജിപ്ത് വ്യക്തമാക്കി.

ഗസ്സയിൽ വെടിനിർത്തൽ ആദ്യഘട്ടം വിജയകരമായതിന് പിന്നാലെയാണ് സമാധാന ഉച്ചകോടി ചേരുന്നത്. ട്രംപിന്റെ സമാധാന പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം ഹമാസ് തടവിൽ വെച്ച മുഴുവൻ ബന്ദികളെയും ഇസ്റാഈലിന് വിട്ടുനൽകി. 20 ബന്ദികളെയാണ് വിട്ടയച്ചത്. ഇസ്റാഈൽ ജയിലിൽ കഴിയുകയായിരുന്ന 156 ഫലസ്തീൻ തടവുകാരെ ഇസ്റാഈലും വിട്ടയച്ചു. ഹമാസ് ഇല്ലാത്ത ഒരു പുതിയ ഭരണ സംവിധാനം ഗസ്സയിൽ രൂപീകരിക്കുക, ഒരു ബഹുരാഷ്ട്ര സേനയെ സജ്ജമാക്കുക, ഹമാസിന്റെ നിരായുധീകരണം എന്നിവയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്യുന്നത്.

ഒക്ടോബർ 2023 മുതൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ ഗസ്സയിൽ 67,600-ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണങ്ങൾ ഗസ്സയെ താമസയോഗ്യമല്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്.

Latest