Connect with us

Kerala

കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ

മറ്റന്നാള്‍ രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും

Published

|

Last Updated

കോഴിക്കോട് | അന്തരിച്ച കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമമസ്ജിദിലാണ് സംസ്‌കാരം. മറ്റന്നാള്‍ രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി മുഹമ്മദ് റിയാസ് , എം കെ രാഘവന്‍ എം പി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാനത്തില്‍ ജമീല 2021 ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊയിലാണ്ടി എം എല്‍ എയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തില്‍ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മര കുറിപ്പില്‍ പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്ന ജമീല തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയര്‍ന്നു വന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറിലെ ആദ്യ മുസ്ലിം വനിത എം എല്‍ എയാണ്. സി പി എമ്മിന് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ മരണം. പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ ആളാണ് കാനത്തില്‍ ജമീല. പഞ്ചായത്ത് മെമ്പറായി തുടങ്ങി എം എല്‍ എ വരെ ആയി മികച്ച പ്രവര്‍ത്തനം നടത്തി. നിയമസഭയിലും മികവാര്‍ന്ന പ്രകടനം നടത്തി. കേരളത്തിന് അകത്തും പുറത്തും ജനങ്ങളില്‍ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തില്‍ ജമീലയെന്നും പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.

സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തില്‍ ജമീലക്ക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയില്‍ എത്തിയിട്ടുണ്ടെന്നും ചികിത്സയില്‍ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങള്‍ ഫോണില്‍ വിളിച്ച് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും താഴെ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിവന്ന നേതാവാണ് കാനത്തില്‍ ജമീലയെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്മരിച്ചു. പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും എല്ലാ ബഹുമതികളോടും കൂടി ഖബറടക്കുമെന്നും മെഹബൂബ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest