Kerala
ശബരിമല സ്വര്‍ണക്കൊള്ള: സ്ട്രോങ് റൂമില്‍ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി
അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികളാണ് അമിക്കസ് ക്യൂറി ഇന്ന് പരിശോധിച്ചത്.

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സ്ട്രോങ് റൂമില്‍ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികളാണ് അമിക്കസ് ക്യൂറി ഇന്ന് പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയുടെ പ്രതിനിധിയെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. സന്നിധാനത്തെ സ്ട്രോങ് റൂമില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവരശേഖരണത്തിന്റെ തുടര്‍ച്ചയായാണ് പരിശോധന.
സന്നിധാനത്തു നിന്നും നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയും പിന്നീട് കഴിഞ്ഞ മാസം തിരികെ എത്തിക്കുകയും ചെയ്ത ദ്വാരപാലക ശില്‍പത്തിലെ പാളികളുടെ പരിശോധനയും നടന്നു. 2019ല്‍ നവീകരണത്തിനായി കൊണ്ടുപോയ പാളികളല്ല തിരികെ എത്തിച്ചത് എന്ന് വ്യക്തമായ പശ്ചാത്തലത്തില്‍, ഇവയുടെ പരിശോധന നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി പ്രതിനിധിയെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. പാളികളില്‍ കമ്പനി നടത്തിയ നവീകരണങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണിത്. ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുള്ള അമൂല്യങ്ങളായ വസ്തുക്കള്‍ എല്ലാം തന്നെ സ്ട്രോങ് റൂമില്‍ ഉണ്ടോ എന്ന പരിശോധനയും നടത്തി.
ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് പ്രതിനിധി തുടങ്ങിയ ഉദ്യോഗസ്ഥരുടെയും ദേവസ്വം ഗോള്‍ഡ് സ്മിത്തിന്റെയും സാന്നിധ്യത്തിലാണ് ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകള്‍ നടത്തിയത്. ദേവസ്വത്തിന്റെ പ്രധാന സ്ട്രോങ് റൂമായ ആറന്മുളയില്‍ നാളെ പരിശോധന നടത്തും. പരിശോധനയുടെ വിശദമായ റിപോര്‍ട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
എഫ് ഐ ആറുകള്‍ റാന്നി കോടതിയില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി പത്തനംതിട്ട റാന്നി കോടതിയില്‍ എഫ് ഐ ആറുകള്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ എഫ് ഐ ആര്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇനി പ്രതികള്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.