Editors Pick
‘ഈ 467 ദിവസങ്ങൾ മറക്കില്ല’; വെടിനിർത്തലിനിടെ രക്ഷതസാക്ഷിയായി യുദ്ധഭൂമിയിലെ ഭയം പങ്കുവെച്ച സലേഹ് അൽജഫറാവി
ഷറം അൽ-ഷെയ്ഖിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ട്രംപ് ഉൾപ്പെടെ ലോകത്തെ പ്രമുഖ നേതാക്കൾ ഒത്തുചേരുമ്പോഴും, ഒരു മാധ്യമപ്രവർത്തകന്റെ ജീവൻ പൊലിയുന്ന ദുരന്തചിത്രമാണ് ഗസ്സയിൽ നിന്ന് വരുന്നത്. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്റാഈൽ സൈന്യത്തിന് നേരിട്ട് അതിക്രമങ്ങൾ നടത്താനാവുന്നില്ല. പകരം തങ്ങളുമായി ബന്ധമുള്ള സായുധ മിലിഷ്യകളെ അവർ ഇതിനായി ഉപയോഗിക്കുകയാണ്.

ഗസ്സ സിറ്റി | രണ്ടു വർഷം നീണ്ട തുടർച്ചയായ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഇസ്‍റാഈലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കുകയും, ഗസ്സയിൽ സമാധാനം പുലർന്നത് ലോകം ആഘോഷിക്കുകയും ചെയ്യുന്നതിനിടയിൽ, ആ സമാധാനത്തിന്റെ വെളിച്ചം കാണാതെ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൂടി രക്തസാക്ഷിയായി. ലോക നേതാക്കൾ ഈജിപ്തിൽ സമാധാന ഉച്ചകോടിക്കായി ഒത്തുചേരുമ്പോൾ, ഗസ്സയിലെ തെരുവുകളിൽ യുദ്ധത്തിന്റെ മാനുഷിക ദുരിതങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച സലേഹ് അൽജഫറാവി (Saleh Aljafarawi) ഇസ്റാഈൽ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലോകം പ്രതീക്ഷയോടെ നോക്കിയ സമാധാന കരാറിനെ പോലും ചോദ്യം ചെയ്യുന്ന, ഈ 28കാരന്റെ രക്തസാക്ഷിത്വം, യുദ്ധഭൂമിയിലെ മാധ്യമപ്രവർത്തനത്തിന്റെ കരളലിയിക്കുന്ന ചിത്രം കൂടി വരച്ചുകാട്ടുന്നു.
യുദ്ധക്കെടുതികൾ താൻ ജനിച്ച മണ്ണിൽ ക്യാമറക്കണ്ണുകൾകൊണ്ട് രേഖപ്പെടുത്തുകയായിരുന്നു സലേഹ്. ഗസ്സ സിറ്റിയിലെ സബ്ര (Sabra) മേഖലയിൽ യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ പകർത്തുന്നതിനിടെയാണ് ഇസ്റാഈൽ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പ് യുവ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തിയത്. സലേഹിന് നേരെ ഏഴ് തവണയാണ് വെടിയുതിർക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓർമ്മകളിൽ മായാത്ത 467 ദിവസങ്ങൾ
രണ്ടു വർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ കെടുതികൾ സ്വന്തം പ്ലാറ്റ്‌ഫോമുകളിലൂടെ ലോകത്തെ അറിയിച്ച നിരവധി ഫലസ്തീൻ യുവ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സലേഹ് അൽജഫറാവി. താൻ അനുഭവിച്ച ഭയത്തെക്കുറിച്ച് അദ്ദേഹം ജനുവരിയിൽ അൽജസീറയോട് മനസ്സ് തുറന്നിരുന്നു.
“ഈ 467 ദിവസങ്ങളിൽ ഞാൻ അനുഭവിച്ച സാഹചര്യങ്ങളും കണ്ട കാഴ്ചകളും എന്റെ ഓർമ്മയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. ഞങ്ങൾ നേരിട്ടതൊന്നും മറക്കാൻ ഞങ്ങൾക്ക് കഴിയില്ല” – സലേഹ് അന്ന് പറഞ്ഞു. ഓരോ നിമിഷവും ഭയത്തോടെയാണ് ജീവിച്ചതെന്നും അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ ഞാൻ ജീവിക്കുകയായിരുന്നു എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2023-ഒക്ടോബറിൽ ഇസ്റാഈൽ സൈനിക നടപടികൾ ആരംഭിച്ചത് മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 250 കവിഞ്ഞതായാണ് കണക്ക്. സലേഹ് അൽജഫറാവിയുടെ രക്തസാക്ഷിത്വം, യുദ്ധഭൂമിയിലെ മാധ്യമപ്രവർത്തനത്തിന്റെ അതീവ ദുരിതകരമായ യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
പ്രത്യാശയുടെ മദ്ധ്യേയുള്ള നോവ്
വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത സമാധാന ഉടമ്പടി പ്രകാരം ഹമാസും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഹമാസ് മുഴുവൻ ഇസ്റാഈലി ബന്ദികളെയും വിട്ടയച്ചു. ഇതിന് പകരമായി 154 പലസ്തീൻ തടവുകാരെ ഇസ്റാഈലും വിട്ടയച്ചു. 2000 ഫലസ്തീൻ തടവുകാരെ ഇസ്റാഈൽ മൊചിപ്പിക്കാനാണ് വ്യവസ്ഥ.
ഷറം അൽ-ഷെയ്ഖിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ട്രംപ് ഉൾപ്പെടെ ലോകത്തെ പ്രമുഖ നേതാക്കൾ ഒത്തുചേരുമ്പോഴും, ഒരു മാധ്യമപ്രവർത്തകന്റെ ജീവൻ പൊലിയുന്ന ദുരന്തചിത്രമാണ് ഗസ്സയിൽ നിന്ന് വരുന്നത്. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്റാഈൽ സൈന്യത്തിന് നേരിട്ട് അതിക്രമങ്ങൾ നടത്താനാവുന്നില്ല. പകരം തങ്ങളുമായി ബന്ധമുള്ള സായുധ മിലിഷ്യകളെ അവർ ഇതിനായി ഉപയോഗിക്കുകയാണ്.
വെടിനിർത്തൽ കരാർ സമാധാനത്തിന്റെ പുതിയ യുഗത്തിലേക്ക് വാതിൽ തുറക്കുമെന്ന പ്രത്യാശ ലോകം പങ്കുവെക്കുമ്പോഴും, ഈ ഭൂമിയിൽ സമാധാനം എന്നെങ്കിലും പുലരുമോ എന്ന ചോദ്യമാണ് സലേഹ് അൽജഫറാവിയുടെ ചോരപ്പാടുകൾ ശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ, ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നു, ഗസ്സയിലെ യുദ്ധം കേവലം രാഷ്ട്രീയക്കളി മാത്രമല്ല, അത് ഇരുളിൽ മറഞ്ഞുപോകുന്ന മനുഷ്യജീവനുകളുടെ വേദനയാണ്.