Connect with us

Kerala

എം പിയെ അറിയിക്കാതെ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് എം എല്‍ എ തറക്കല്ലിട്ടു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉണ്ണിത്താന്‍

ഉദുമ ആര്‍ട്സ് കോളജില്‍ പണികഴിപ്പിക്കുന്ന അക്കാദമിക് ആന്‍ഡ് ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം തന്നെ അറിയിക്കാതെ ഉദുമ എം എല്‍ എ. സി എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചതിലാണ് ആരോപണം.

Published

|

Last Updated

കാസര്‍കോട് | കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് തന്നെ അറിയിക്കാതെ തറക്കല്ലിട്ടതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എം പി. ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പണികഴിപ്പിക്കുന്ന അക്കാദമിക് ആന്‍ഡ് ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം തന്നെ അറിയിക്കാതെ ഉദുമ എം എല്‍ എ. സി എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചതിലാണ് ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി രംഗത്തെത്തിയത്. ജില്ലയില്‍ നടപ്പിലാക്കുന്ന ഏതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും നടത്തിപ്പും മേല്‍നോട്ട ചുമതലയുമുള്ള ജില്ലാതല ദിശാ കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ തന്നെ അറിയിക്കാതെയാണ് കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും വഹിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി ഉതര്‍ ശിക്ഷാ അഭിയാന്‍ (PM-USHA) പദ്ധതിയുടെ ഭാഗമായുള്ള തറക്കല്ലിടല്‍ നടത്തിയതെന്നാണ് ആരോപണം.

തദ്ദേശ ഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തി ജനപ്രതിനിധികളെ പോലും അവഗണിക്കുന്ന സി പി എമ്മിന്റെയും ഇടതുപക്ഷ സംഘടനയുടെയും പതിവ് കോപ്രായങ്ങളുടെ ഉദാഹരണമാണ് ഉദുമ കോളജില്‍ നടന്നതെന്ന് എം പി കുറ്റപ്പെടുത്തി. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതിന് കൂട്ടുനിന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം പി അറിയിച്ചു.

ചടങ്ങിന്റെ സംഘാടക സമിതിയും മറ്റും ചേര്‍ന്നത് കോളജ് പ്രിന്‍സിപ്പലിന്റെ അറിവോടു കൂടിയാണ്. എന്നാല്‍, എം എല്‍ എയുടെ ഓഫീസിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് എം പിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ കോളജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ ഭരണകൂടം വഴി ബന്ധപ്പെട്ടപ്പോള്‍ എം പിയെ അറിയിക്കേണ്ടതായിരുന്നുവെന്നും പ്രോട്ടോക്കോള്‍ ലംഘനം നടത്തിക്കൊണ്ട് പരിപാടി സംഘടിപ്പിച്ചതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിനാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്തരം പൊതുപരിപാടികളെ രാഷ്ട്രീയവത്കരിക്കുന്ന പ്രവണതകള്‍ക്ക് ജില്ലയിലെ ഉദ്യോഗസ്ഥര്‍ ആരും തന്നെ കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

 

Latest