ജൂണ്‍ 7 സഹാനുഭൂതി ദിനം
എന്നും ദയയും സ്‌നേഹവും പ്രചരിപ്പിക്കാം
ജീവിതയാത്രക്കിടയില്‍ വീണുപോകുന്ന നിരവധി നിസ്സഹായരുടെ നേര്‍ക്ക് നീളുന്ന കൈകളാണ് ഈ ലോകത്തിന് വെളിച്ചം പകരാന്‍ സഹാനുഭൂതിയുടെ തിരി കൊളുത്തിവെക്കുന്നത്.

സത്യത്തില്‍ ഈ ലോകം മനോഹരമായിരിക്കാന്‍ എന്താണ് വേണ്ടത് ?
ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിച്ചു നോക്കൂ. ‘അപരനോടുള്ള ദയ, കരുണ, സഹാനുഭൂതി’ എന്നായിരിക്കും ഉത്തരം. അതിനപ്പുറം ‘സമ്പത്ത്, ശാസ്ത്രം, നെഞ്ചുറപ്പുള്ള ഭരണാധികാരി’ എന്നൊക്കെയാണെങ്കില്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനി മുതല്‍ ഇസ്രാഈല്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ വരെയുള്ള ചരിത്രം നിങ്ങള്‍ മറന്നുവെന്നാണര്‍ത്ഥം.
ഗാന്ധി മുതല്‍ തീസ്ത സെതല്‍വാദ് വരെയുള്ള നിരവധി മനുഷ്യസ്‌നേഹികളെ നിങ്ങള്‍ അവഗണിക്കുകയും ചെയ്തുകാണും. ജീവിതയാത്രക്കിടയില്‍ വീണുപോകുന്ന നിരവധി നിസ്സഹായരുടെ നേര്‍ക്ക് നീളുന്ന കൈകളാണ് ഈ ലോകത്തിന് വെളിച്ചം പകരാന്‍ സഹാനുഭൂതിയുടെ തിരി കൊളുത്തിവെക്കുന്നത്. അശരണര്‍, കാലാകാലങ്ങളിലായി പിന്നിലായിപ്പോയ സമൂഹങ്ങള്‍, പൊതുധാരയില്‍നിന്ന് മനഃപൂര്‍വ്വം മാറ്റിനിര്‍ത്തപ്പെട്ടവര്‍, പ്രായമായവരും കുഞ്ഞുങ്ങളും ഇവരോടുള്ള കരുണയും ശ്രദ്ധയും തന്നെയാണ് ലോകത്തിന്റെ വെളിച്ചം. ഈ ഓര്‍മ്മപ്പെടുത്തലിനായി ലോക പരിചരണ ദിനം വര്‍ഷം തോറും ജൂണ്‍ 7ന് ആചരിക്കുന്നു.
എന്നുമുതലാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയെന്നതിന് ആധികാരിക രേഖകളില്ല. എങ്കിലും ഇത് ശക്തവും കൂടുതല്‍ പിന്തുണയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സഹാനുഭൂതിയുടെയും ദയയുടെയും ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു.
അയല്‍പക്ക ശുചീകരണങ്ങള്‍, അശരണര്‍ക്കായുള്ള ധനസമാഹരണങ്ങള്‍ അല്ലെങ്കില്‍ രോഗികളുടെ പരിചരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇവന്റുകള്‍ നടത്തിയും, അത്തരം സംരംഭങ്ങളില്‍ പങ്കാളികളായും ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുക തുടങ്ങിയവാണ് ഈ വര്‍ഷത്തെ ദിനാചരണപരിപാടികളില്‍ പ്രധാനമായത്. നന്മയും സഹാനുഭൂതിയുമില്ലാത്ത മനുഷ്യനെ എന്തിനു കൊള്ളാം!.