Connect with us

prathivaram coverstory

കായലിന്റെ പറുദീസയൊരുക്കി കടമക്കുടി

പെരിയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയില്‍ വരച്ചിട്ട പോലെ ചിന്നിച്ചിതറിക്കിടക്കുന്ന പതിനാല് ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി. ശാന്തമായ അന്തരീക്ഷവും വിശാലമായ പൊക്കാളി പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും വിരുന്നെത്തുന്ന അപൂര്‍വയിനം ദേശാടനപ്പക്ഷികളും നാടന്‍ പുഴമത്സ്യങ്ങളുടെ സമ്പത്തുമൊക്കെ കടമക്കുടിയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റി

Published

|

Last Updated

വിശാല കൊച്ചിയുടെ തിരക്കില്‍ നിന്ന് കൈയെത്താദൂരത്ത് പരന്നുകിടക്കുന്നതാണ് നയനമനോഹര കടമക്കുടി ദ്വീപുകള്‍. കായലും പുഴയും കൈത്തോടുകളും ഇടതൂര്‍ന്നുകിടക്കുന്ന കടമക്കുടി ദ്വീപുകള്‍ കാഴ്ചകളുടെ വേറിട്ട അനുഭൂതി സമ്മാനിക്കുന്നു. പെരിയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയില്‍ വരച്ചിട്ട പോലെ ചിന്നിച്ചിതറിക്കിടക്കുന്ന പതിനാല് ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി. ശാന്തമായ അന്തരീക്ഷവും വിശാലമായ പൊക്കാളി പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും വിരുന്നെത്തുന്ന അപൂര്‍വയിനം ദേശാടനപ്പക്ഷികളും നാടന്‍ പുഴമത്സ്യങ്ങളുടെ സമ്പത്തുമൊക്കെ കടമക്കുടിയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റി.

കാഴ്ചയിലും ഭൂപ്രകൃതിയിലും കുട്ടനാടിന് സമാനമായ ദ്വീപുകള്‍ സാമൂഹിക മാധ്യമങ്ങളിലെ റീലുകളില്‍ അടുത്തിടെയാണ് വ്യാപക പ്രചാരം നേടിയത്. കൊച്ചി നഗരത്തില്‍ നിന്ന് എട്ട് കി. മീറ്റര്‍ മാത്രം അകലെയായ കടമക്കുടിയിലെ ഉദയ-അസ്തമയ കാഴ്ചകളും ഏറെ മനോഹരം തന്നെ. കണ്ടല്‍ക്കാടുകളും തൈത്തെങ്ങുകളും പാടശേഖരങ്ങളെ മുറിച്ചുകടന്നുപോകുന്ന വരമ്പുകളും മത്സ്യക്കെട്ടുകളോട് ചേര്‍ന്നുനില്‍ക്കുന്ന ചെറുമാടങ്ങളുമെല്ലാം കടമക്കുടിയെ അതീവ സുന്ദരിയാക്കി. പ്രകൃതിയോട് ചേർന്നുനില്‍ക്കുന്ന കടമക്കുടി കാഴ്ചകള്‍ കാണാനെത്തിയവര്‍ ഗ്രാമീണ തനിമയുടെ വശ്യമനോഹര ചിത്രങ്ങള്‍ പകര്‍ത്താതെ മടങ്ങാറില്ല.

ദ്വീപുകള്‍ കൈകോര്‍ത്തു

1924ലെ പ്രളയത്തില്‍ പല തുരുത്തുകളായി ചിതറി രൂപപ്പെട്ടതാണ് കടമക്കുടി പഞ്ചായത്തിലെ പല ദ്വീപുകളും. ഏറ്റവും വലിയ ദ്വീപ് കോതാടാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി, പാല്യംതുരുത്ത്, പുതുശ്ശേരി, പിഴല, മൂലമ്പിള്ളി, കോതാട്, കോരാമ്പാടം, കാരിക്കാട്ടുതുരുത്ത്, ചേന്നൂര്‍, മുറിക്കല്‍, പുളിക്കപ്പുറം എന്നിവയാണ് കടമക്കുടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. ഇതിലെ രണ്ട് ദ്വീപുകളില്‍ ഒരാള്‍ മാത്രം താമസിക്കുന്ന ഏറ്റവും ചെറിയ ദ്വീപായ മുറിക്കലും ആള്‍ത്താമസമില്ലാത്ത ചെകുത്താന്‍ ദ്വീപ് എന്നറിയപ്പെടുന്ന പുളിക്കപ്പുറവും കാഴ്ചയിലെ പച്ചത്തുരുത്തുകളാണ്.

വീരന്‍പുഴയോട് ചേര്‍ന്ന് മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള പുളിക്കപ്പുറം ദ്വീപില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആള്‍ത്താമസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും താമസക്കാരായില്ല. ആദ്യകാലങ്ങളില്‍ കടമക്കുടിക്ക് സമീപത്തെ വരാപ്പുഴയിലേക്കുള്ള യാത്ര തന്നെ അതീവ ക്ലേശകരമായിരുന്നു. തുരുത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗം ചെറുവഞ്ചികളും ചങ്ങാടവുമൊക്കെതന്നെ. ബോട്ടുകളുടെ സമയം നോക്കി, കയറിയിറങ്ങി വേണം വരാപ്പുഴയിലെത്താന്‍. തുടര്‍ന്ന് കടമക്കുടിയിലേക്ക് ചെറുവള്ളങ്ങളായിരുന്നു ഏക ആശ്രയം.

പിന്നീട് ഇവ ബോട്ട് സര്‍വീസുകള്‍ക്ക് വഴിമാറിയെങ്കിലും ദ്വീപുകാരുടെ യാത്രാ പ്രതിസന്ധിക്ക് അറുതിയായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പശ്ചാത്തല വികസനത്തിലടക്കം അതിവേഗ വളര്‍ച്ചയാണ് കടമക്കുടി നേടിയെടുത്തത്. ദ്വീപുകള്‍ക്ക് കുറുകെയും നഗരത്തിലേക്ക് വിരല്‍ ചൂണ്ടിയും പാലങ്ങള്‍ വന്നു. ഒറ്റയടിപ്പാതകളും മണ്‍വഴികളും ആധുനിക റോഡുകളായി മാറി. അങ്ങനെ “കടന്നാല്‍ കുടുങ്ങി കടമക്കുടി’ എന്നൊക്കെ നാടിനെ വിളിച്ചിരുന്ന സമയവും പഴങ്കഥയായി.

സ്വന്തം വാട്ടർ മെട്രോ

കായൽ സൗന്ദര്യത്തില്‍ തിളങ്ങുന്ന കടമക്കുടി ദ്വീപുകളിലേക്ക് യാത്രക്കൊരുങ്ങുകയാണ് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ. പ്രകൃതിസൗന്ദര്യം നിറഞ്ഞ പാലിയംതുരുത്ത്, കടമക്കുടി ദ്വീപുകളില്‍ വാട്ടര്‍മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ട് സ്റ്റേഷനുകളുടെയും ഫ്ലോട്ടിംഗ് ജെട്ടികളുടെ നിര്‍മാണമാണ് ഇനി നടക്കാനുള്ളത്. സ്റ്റേഷനുകളുടെ സമീപത്ത് കായലിന്റെ ആഴംകൂട്ടലും വൈകാതെ പൂര്‍ത്തിയാകും. മെട്രോ സര്‍വീസ് ഈ വര്‍ഷംതന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കൊച്ചി കായലിന് മുഖാമുഖമാണ് പാലിയംതുരുത്ത്, കടമക്കുടി വാട്ടർ മെട്രോ സ്റ്റേഷനുകള്‍ ഉയര്‍ന്നിട്ടുള്ളത്. പിഴലയിലെ വാട്ടര്‍ മെട്രോ സ്റ്റേഷന്‍ നിര്‍മാണം ഉടൻ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, ബോള്‍ഗാട്ടി എന്നിവിടങ്ങളിലെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി എന്നിവിടങ്ങളില്‍ ടെര്‍മിനല്‍ നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്.

പത്ത് ടെര്‍മിനലുകളും 20 ബോട്ടുകളുമാണ് വാട്ടർ മെട്രോ ക്ക് ഇപ്പോഴുള്ളത്. വൈറ്റില- കാക്കനാട്, ഹൈക്കോടതി – ഫോർട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ വാട്ടര്‍ മെട്രോ ഓടുന്നത്. കടമക്കുടി ദ്വീപുകളിലേക്ക് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ (കെ എസ് ഐ എന്‍ സി) ബോട്ട് സര്‍വീസുകളും നിലവിലുണ്ട്. ഹൈക്കോടതി ജംഗ്ഷനിലെ ടെര്‍മിനലിൽ നിന്നാണ് സര്‍വീസ്.

ടൂറിസം ഹബാണ്…

കായല്‍ ഭംഗിയും രുചിയും തേടി വിദേശികളും സ്വദേശികളുമായ നിരവധി ആളുകള്‍ ദിനംപ്രതി കടമക്കുടിയിലേക്ക് എത്തിച്ചേരുന്നു. കടമക്കുടിയെ ടൂറിസം ഹബാക്കി മാറ്റുന്ന പദ്ധതികളാണ് കഴിഞ്ഞ നാളുകളിലായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കടമക്കുടി ടൂറിസം വികസനത്തിനുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ അടക്കം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കറോളം വരുന്ന ബണ്ട് ഏരിയയില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും.

വാക്ക് വേ, വാച്ച് ടവര്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്, ഹോം സ്റ്റേകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ളവ ഒരുക്കാനാണ് പദ്ധതി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ പരിമിതിയുള്ളതിനാല്‍ കൂടുതല്‍ സഞ്ചാരികളെ താങ്ങാനാകാത്ത സ്ഥിതിയുണ്ട്. ഇത് മറികടക്കുന്ന പദ്ധതികള്‍ക്കായി സര്‍ക്കാറിന്റെ സഹായം ഉണ്ടാകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ വികസന സഹായവും ദ്വീപിന് ലഭ്യമാണ്. വാട്ടര്‍ മെട്രോയടക്കം വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.

കടമക്കുടിയിലെ കൃഷി

എറണാകുളം ജില്ലയില്‍ ഏറ്റവുമധികം പൊക്കാളി കൃഷി നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് കടമക്കുടി. പ്രതിവര്‍ഷം 130- 140 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്താറുള്ളത്. സമീപത്തെ വരാപ്പുഴ, കോട്ടുവള്ളി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും പൊക്കാളി തന്നെയാണ് പ്രധാന കൃഷിമാര്‍ഗം. വേനല്‍ക്കാലത്ത് പാടത്തെ വെള്ളം വറ്റിച്ച് നിലം ഉഴുതുമറിച്ച ശേഷം വിത്ത് പാകുകയാണ് പൊക്കാളിയുടെ രീതി. തുടര്‍ന്ന് കതിരുകള്‍ മഴക്കാലത്തെ വെള്ളത്തിലാണ് വളര്‍ന്നു പാകമാകുന്നത്. യാതൊരു രാസവളവും ചേര്‍ക്കാതെയാണ് കൃഷി നടത്തുന്നതെന്നതാണ് പ്രത്യേകത. ഏപ്രില്‍ മാസത്തില്‍ ചെമ്മീന്‍ കൃഷിയുടെ കാലാവധി കഴിയുന്നതോടെ പാടങ്ങള്‍ കൃഷിക്ക് ഒരുക്കും.

പിന്നാലെ പാടം വറ്റിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയാണ് ജോലി. ജൂണ്‍ രണ്ടാംവാരം മുതല്‍ വിത ആരംഭിക്കും. പരമ്പരാഗത കര്‍ഷകര്‍ക്ക് പുറമേ, സര്‍വീസ് സഹകരണ ബേങ്ക്, പാടശേഖര സമിതി, മറ്റു സന്നദ്ധ സംഘടനകളും ക്ലബുകളും പൊക്കാളി കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് പ്രത്യേകതയാണ്. മത്സ്യബന്ധനം, താറാവ് വളര്‍ത്തല്‍ തുടങ്ങി കായല്‍ അനുബന്ധ മേഖലയെ കേന്ദ്രീകരിച്ചാണ് കടമക്കുടിയുടെ കാര്‍ഷിക ഭൂപടം തെളിയുന്നത്.
.

Latest