National
പൊതുക്രമസമാധാനം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍; ജമ്മു കശ്മീരിലെ ഏക എ എ പി എം എല്‍ എ. മെഹ്‌രാജ് മാലിക് അറസ്റ്റില്‍
പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജമ്മു | പൊതുക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എം എല്‍ എ. മെഹ്‌രാജ് മാലിക് അറസ്റ്റില്‍. പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍വീന്ദര്‍ സിംഗിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ ഉപയോഗിക്കുകയും ചെയ്തതിനാണ് നടപടി. പി എസ് എ പ്രകാരം ഒരു സിറ്റിംഗ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം വരെ കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും ഒരാളെ തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്ന വകുപ്പാണിത്.
ആരോഗ്യവകുപ്പ് രണ്ടുവര്‍ഷമായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ വാടക അതിന്റെ ഉടമയായ കര്‍ഷകന് നല്‍കിയില്ലെന്ന് ആരോപിച്ചാണ് എം എല്‍ എ കമ്മീഷണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം നടത്താനും കമ്മീഷണര്‍ വിസമ്മതിച്ചുവെന്നും മാലിക് ആരോപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ദോഡ നിയോജക മണ്ഡലത്തില്‍ നിന്നാണ് മെഹ്‌രാജ് മാലിക് നിയമസഭയിലെത്തിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയിലെ ഗജയ് സിങ് റാണയെ 4,538 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപവത്കരണ സമയത്ത് ഉമര്‍ അബ്ദുല്ലക്ക് മെഹ്‌രാജ് മാലിക് പിന്തുണ പ്രഖ്യാപിച്ചു.
മാലികിന്റെ അറസ്റ്റിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കെതിരെ അന്യായമായ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പി എസ് എ പ്രകാരം മെഹ്രാജ് മാലികിനെ തടങ്കലിലാക്കുന്നതിനെ അംഗീകരിക്കാനാകില്ല. അദ്ദേഹം ഒരിക്കലും പൊതുസുരക്ഷക്ക് ഭീഷണിയല്ല. ഇതാണ് സ്ഥിതിയെങ്കില്‍ എങ്ങനെയാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയെന്നും ഉമര്‍ എക്സില്‍ കുറിച്ചു.