Connect with us

tokyo olympics 2020

ഒളിന്പിക്‌സിൽ ഇസ്‌റാഈൽ താരത്തെ ബഹിഷ്‌കരിച്ചു; അൽജീരിയൻ ജുഡോ താരത്തിന് പത്ത് വർഷം വിലക്ക്

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ബഹിഷ്‌കരണം

Published

|

Last Updated

യോർക്ക് | ടോക്യോ ഒളിന്പിക്‌സിൽ ഇസ്‌റാഈൽ താരത്തോട് മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയ അൽജീരിയൻ ജുഡോ താരം ഫെത്തി നൂറിനും കോച്ചിനും പത്ത് വർഷത്തെ വിലക്ക്. അന്താരാഷ്ട്ര ജുഡോ ഫെഡറേഷൻ (ഐ ജെ എഫ്) ആണ് വിലക്ക് ഏർപ്പെടുത്തിയത്. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്‌റാഈൽ താരത്തെ അദ്ദേഹം ബഹിഷ്‌കരിച്ചത്. മൂന്ന് തവണ ആഫ്രിക്കന്‍ ചാമ്പ്യനായിട്ടുള്ള താരമാണ് ഫെത്തി നൂറിൻ.

73 കിലോ വിഭാഗം ജുഡോയിൽ സുഡാൻ താരത്തെ തോൽപ്പിച്ച ഫെത്തിക്ക്, അടുത്ത റൗണ്ടിലെ എതിരാളി ഇസ്‌റാഈലിന്റെ തോഹർ ബുത്ബുൽ ആയിരുന്നു. എന്നാൽ, ഫലസ്തീൻ ജനതയോടുള്ള ഇസ്‌റാഈൽ അതിക്രമം കാരണം ബുത്ബുലുമായി മത്സരിക്കാനില്ലെന്ന് ഫെത്തി നിലപാട് അറിയിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ഫെത്തിയുടെയും കോച്ച് അമർ ബെനിഖ്‌ലെഫിന്റെയും അക്രഡിറ്റേഷൻ അൽജീരിയൻ ഒളിന്പിക് കമ്മിറ്റി പിൻവലിക്കുകയും ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അന്ന് ഐ ജെ എഫ് ഇരുവരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ 2031 ജൂലൈ 23 വരെ ഐ ജെ എഫ് പരിപാടികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഇരുവരെയും വിലക്കുകയും ചെയ്തു.

അതേസമയം, ഇരുവർക്കും കായിക ആർബിട്രേഷൻ കോടതിയിൽ അപ്പീൽ പോകാം. ഫെത്തി നൂറിൻ നേരത്തേയും ഇസ്‌റാഈൽ താരവുമായുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. ഇതുകാരണം 2019ലെ ടോക്യോ ലോക ചാന്പ്യൻഷിപ്പിൽ നിന്ന് പുറത്തായിരുന്നു.

Latest