Connect with us

Articles

കഴിഞ്ഞുവോ മഹാമാരിക്കാലം?

മഹാമാരി മെല്ലെ നമ്മുടെ ജീവിതത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. കേരളത്തില്‍ ആയിരത്തില്‍ താഴെ കേസുകള്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം നാം താണ്ടിയ കനല്‍ വഴികള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജീവിതവും മരണവും തമ്മില്‍ നേര്‍ത്ത ഒരു ഇഴയുടെ ദൂരം മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞ രണ്ട് വര്‍ഷങ്ങള്‍

Published

|

Last Updated

രണ്ട് വര്‍ഷത്തോളം നമുക്കൊപ്പം സഞ്ചരിച്ച കൊവിഡ് എന്ന മഹാമാരി മെല്ലെ നമ്മുടെ ജീവിതത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. കേരളത്തില്‍ ആയിരത്തില്‍ താഴെ കേസുകള്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം നാം താണ്ടിയ കനല്‍ വഴികള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജീവിതവും മരണവും തമ്മില്‍ നേര്‍ത്ത ഒരു ഇഴയുടെ ദൂരം മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. ബ്രിട്ടനില്‍ ഇക്കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ട എക്‌സ്-ഇ വകഭേദം ആശങ്കയുണര്‍ത്തുമ്പോഴും, ജൂണില്‍ ഇന്ത്യയില്‍ വീണ്ടുമൊരു നാലാം തരംഗം കാണ്‍പൂര്‍ ഐ ഐ ടി പ്രവചിക്കുമ്പോഴും ഫലത്തില്‍ നാം കൊവിഡുമായി ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പുതിയ വകഭേദമായ എക്‌സ്-ഇ ഇന്ത്യയില്‍ തരംഗമുണ്ടാക്കാനുള്ള സാധ്യത വിരളമാണെങ്കിലും ജാഗ്രത എന്ന ശീലം പൂര്‍ണമായും ഊരിയെറിയാനായിട്ടില്ല എന്നുതന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

കേസുകള്‍ ആയിരം തൊട്ടപ്പോള്‍

തൃശൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തത്. ചൈനയില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്നു രോഗവാഹിനി. ഏറെ പ്രതീക്ഷയോടെ എത്തിയ വര്‍ഷമായിരുന്നു 2020. ഒരുതരം ഫാന്‍സി നമ്പര്‍ പോലെ. നമ്പറിലെ ഫാന്‍സി, ജീവിതത്തില്‍ ഫാന്റസിയായി നിറയുമെന്നു കരുതിയ വര്‍ഷം. ഈ വിലപിടിച്ച നമ്പറിന് ചരിത്രത്തില്‍ ഇങ്ങനെയൊരു പരിതാപകരമായ വിധിയാണ് കാലം കാത്തുവെച്ചത്. ദിനംപ്രതി കൂടുന്ന രോഗികളുടെ എണ്ണം നോക്കി സ്വയം നെടുവീര്‍പ്പിട്ടു. ഒരു നെടുവീര്‍പ്പിനപ്പുറം തെരുവിലിറങ്ങി കൂട്ടം കൂടുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നു. മാസ്‌കിടാതെ കറങ്ങിനടക്കുന്നു. വിദ്യാഭ്യാസവും പണവും സൗകര്യവുമൊക്കെ നമ്മളെത്തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു തിരിച്ചറിവായിരുന്നു അത്.

മുഖം മൂടപ്പെട്ട കാലം

കൊവിഡ് കാലത്ത് മനുഷ്യന്റെ മുഖം മൂടപ്പെട്ടിരുന്നു. മാസ്‌കുകള്‍ നമ്മുടെ വസ്ത്രങ്ങളുടെ ഭാഗമായപ്പോള്‍ തെരുവീഥികളില്‍ ആരാലും തിരിച്ചറിയപ്പെടാതെ, ആരെയും തിരിച്ചറിയാതെ നാം യാന്ത്രികമായി സഞ്ചരിച്ചു. മനുഷ്യന്‍ പിന്നെയും പിന്നെയും അവനവനിലേക്കു തന്നെ ചുരുങ്ങി. എതിരെ വരുന്നത് ഒരു സുഹൃത്താകാം, അകന്ന ബന്ധുവാകാം, പഠിപ്പിച്ച അധ്യാപകനാകാം. തൊട്ടടുത്തുകൂടെ തിരിച്ചറിയപ്പെടാനാകാതെ അവര്‍ നടന്നുപോയി. വഴിയില്‍ നമ്മില്‍ ഒരാള്‍ വീണുകിടന്നാല്‍ തിരിഞ്ഞുനോക്കാന്‍ പോലും ഭയക്കുന്ന അവസ്ഥ. കാരണം, സാമൂഹിക അകലമാണ് ശരിയെന്ന് ലോകം പറഞ്ഞു. ഈയൊരു സന്ദര്‍ഭത്തില്‍ അതിനു പ്രസക്തിയുണ്ടെങ്കിലും നാളെ കൊവിഡാനന്തര കാലവും മനുഷ്യ മനസ്സുകളില്‍ സാമൂഹിക അകലത്തിന് ആക്കം കൂട്ടുകയാണ്. വിശിഷ്യാ, ഓണ്‍ലൈന്‍ എന്ന പുതിയ സംസ്‌കാരം കാലത്തിനു നല്‍കിയ ആവശ്യകതയിലൂടെ.

കൊവിഡ് നഷ്ടമാക്കിയ കുരുന്നു ബാല്യങ്ങള്‍

കുഞ്ഞുങ്ങളുടെ ദിനരാത്രങ്ങള്‍ വീടിന്റെ ചുവരുകള്‍ക്കിടയില്‍ തളച്ചിടപ്പെട്ടിട്ട് രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിനു ശേഷം അവര്‍ മെല്ലെ മുറ്റത്തേക്ക് പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. വീട്ടുമുറ്റത്തിന് പുറത്തേക്ക് അവരുടെ ചിന്തകളോ ശരീരമോ ഒന്ന് കടന്നുപോയിട്ട് അത്രയും കാലം തന്നെ പിന്നിട്ടിരിക്കുന്നു. ഒരുപക്ഷേ, കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ നിശ്ശബ്ദമായെങ്കിലും ഏറ്റവുമധികം ബാധിച്ച കൂട്ടര്‍ അഞ്ച് വയസ്സു വരെയുള്ള കുട്ടികളാണ്. പക്ഷേ, ഇപ്പോഴും അതേ നിയന്ത്രണങ്ങള്‍ ഏറെക്കുറെ അവരെ വരിഞ്ഞുമുറുക്കുമ്പോഴും അതൊക്കെ അവരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന ചര്‍ച്ചകള്‍ കാര്യമായി എവിടെയും ഉയര്‍ന്നുകേള്‍ക്കുകയുണ്ടായില്ല. കൊവിഡ് കാലം കൊണ്ട് കുഞ്ഞുങ്ങള്‍ക്കൊന്നും സംഭവിച്ചില്ലെന്ന മറുവാദവും ഉയര്‍ന്നേക്കാം. പക്ഷേ, ബാല്യത്തിന്റെ പ്രാധാന്യവും അത് ജീവിതത്തില്‍ ചെലുത്തുന്ന പ്രാധാന്യവും വിലയിരുത്തിയാല്‍ അങ്ങനെയൊരു വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേയുള്ളൂ താനും.

നമ്മുടെ രാജ്യത്ത് കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ ആരംഭിച്ച 2020 ഫെബ്രുവരി മുതല്‍ക്കു തന്നെ അങ്കണവാടികള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ എന്നിവയൊക്കെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവരൂപവത്കരണം നടക്കുന്നത് ഇത്തരം കാലഘട്ടങ്ങളില്‍ ആണ്. അങ്കൺവാടികളില്‍ എത്തുമ്പോള്‍ അവര്‍ പിച്ചവെച്ചു നടന്ന വീടിനു പുറത്തേക്ക്, മറ്റൊരു സജീവമായ ലോകത്തേക്ക് അവര്‍ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണ്. ഒപ്പമുള്ള കുട്ടികളുമായി സൗഹൃദം, പിണക്കം, പങ്കിടലുകള്‍, അനുഭവങ്ങള്‍ പങ്കുവെക്കലുകള്‍, അധ്യാപകരില്‍ നിന്ന് ലോകത്തെ അടിസ്ഥാനപരമായ ശരി-തെറ്റുകളെപ്പറ്റി മനസ്സിലാക്കല്‍ എന്നിവയുള്‍പ്പെട്ട വിലമതിക്കാനാകാത്ത അറിവുകള്‍ ഒരു കുഞ്ഞ് നേടുന്നത് അവരുടെ ആദ്യ വിദ്യാലയത്തിന്റെ വിശാലമായ അങ്കണത്തിലും ഊഷ്മളമായ ക്ലാസ്സ് മുറികളിലും വെച്ചാണ്. അഞ്ചോ ആറോ വയസ്സില്‍ അവന്‍ ഒന്നാം തരത്തില്‍ ചേരുമ്പോള്‍ അതിനു മുമ്പ് അവനാര്‍ജിച്ച ശക്തമായ അടിത്തറക്കു മുകളിലാണ് പുസ്തകങ്ങളിലെ അറിവുകള്‍ സുഗമമായി ചേര്‍ത്തുവെക്കുന്നത്. അത്തരമൊരു അടിത്തറ ഉറപ്പിക്കാന്‍ അവന്റെ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള വയസ്സ് തന്നെയാണ് ഏറെ ഉത്തമവും. ആയുസ്സിലെ തന്നെ ഏറ്റവും ആഗിരണഭാവം പ്രകടമാകുന്ന പ്രായം. ആ കാലമാണ് വീടുകളില്‍ തളച്ചിടപ്പെട്ടുകൊണ്ട് അവര്‍ക്ക് നഷ്ടമായത്.

വിരുന്നുവന്ന വെര്‍ച്വല്‍ കാലം

സകലമാന രംഗത്തും ഓണ്‍ലൈന്‍ സംസ്‌കാരത്തെ നമ്മള്‍ സ്വാഗതം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും എന്നുവേണ്ട ഇന്ന് എന്തെങ്കിലുമൊരു കാര്യത്തിനായി ഇന്റര്‍നെറ്റില്‍ പരതാത്ത ആരുമുണ്ടാകില്ല നമ്മുടെയിടയില്‍. ഓണ്‍ലൈന്‍ വ്യവഹാരങ്ങള്‍ മുമ്പ് ഒരു ആര്‍ഭാടമായിരുന്നെങ്കില്‍ ഇന്ന് അത് നിത്യജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം നാം അക്ഷരാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് യുഗത്തിലാണ് ജീവിച്ചത്. ഇന്റര്‍നെറ്റിന്റെ ഇടപെടല്‍ നമ്മുടെ ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുമ്പോഴും, ചില എതിര്‍വാദങ്ങളെ നമുക്ക് തള്ളിക്കളയാനാകില്ല.
പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ ബെഡില്‍ തൊട്ടടുത്ത് നാം തിരയുന്നത് തലേന്ന് രാത്രി വൈകിയ വേളയില്‍ ഇന്റര്‍നെറ്റ് ഡേറ്റ ഓഫ് ചെയ്തുവച്ച സ്മാര്‍ട്ട് ഫോണാണ്. ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോമും കൂടിയായപ്പോള്‍ ഫോണിനുള്ളിലെ ഇന്റര്‍നെറ്റ് മായിക ലോകത്ത് എത്ര വേണമെങ്കിലും അലയാം, ലോകത്തെവിടെയുമുള്ള ആരുമായും സല്ലപിക്കാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, എന്തും ചെയ്യാം. ആ ലോകത്തു തന്നെ തുടര്‍ന്നുകൊണ്ട് നമുക്ക് പ്രഭാത കര്‍മങ്ങള്‍ ചെയ്യാം, ഭക്ഷണം കഴിക്കാം, ടെറസില്‍ പോയി കാറ്റുകൊള്ളാം. ഇന്ന് നമ്മുടെ സമൂഹം, വിശിഷ്യാ കുട്ടികള്‍ അത്തരം ഒരു വലയില്‍ അകപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ വിരിച്ച, ഇന്റര്‍നെറ്റ് എന്ന വലയില്‍. ആ വലയില്‍ നമുക്ക് സര്‍വസ്വവും ലഭിക്കുമ്പോള്‍ അതിനു പുറത്തേക്ക് കടക്കാന്‍ നാം ആഗ്രഹിക്കില്ലല്ലോ.

കൊവിഡിനിടയിലെ തിരഞ്ഞെടുപ്പ്

കൊവിഡിന്റെ മൂര്‍ധന്യത്തിലായിരുന്നു നമ്മുടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വിവാദമാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് എക്കാലവും നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനോട് അടുക്കുന്ന മാസങ്ങളില്‍ നടക്കുന്നവ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയുണ്ടായി. കൊവിഡ് പ്രതിരോധം രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാറിന്റെ ഉത്തരവാദിത്വമായിരുന്നല്ലോ. തുടക്കത്തില്‍ അതിമനോഹരമായി ആ ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റി. എന്നാല്‍ അത് സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമായി മാറുമെന്ന ഭയം കൊണ്ടാവണം, വീണുകിട്ടിയ ചില കനക-കാമിനി-കഞ്ചാവ് വിഷയങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുത്തു കൊണ്ട് വിഷയം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ടു. അതിന്റെ ഭാഗമായുണ്ടായ കൂട്ടം കൂടലും സമരങ്ങളുമൊക്കെ സര്‍ക്കാറിനെ മാത്രമല്ല, രാപ്പകല്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയുമൊക്കെ പ്രശ്‌നത്തിലാക്കി. പക്ഷേ, കൊറോണ എന്ന സൂക്ഷ്മ ജീവിക്ക് നമ്മുടെ രാഷ്ട്രീയമില്ല എന്ന കാര്യം നാം അത്രകണ്ട് മനസ്സിലാക്കിയില്ല. അവരുടെ രാഷ്ട്രീയം സ്വതസിദ്ധമായ അവരുടെ തന്നെ നിലനില്‍പ്പാണ്. അതിജീവനം, പെറ്റുപെരുകല്‍, ആധിപത്യം നേടല്‍ ഇവയൊക്കെത്തന്നെ. നമ്മുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ കേരളത്തില്‍ നാം വിജയകരമായി അതിജീവിക്കും എന്ന് കരുതിയിടത്തു നിന്ന്, അപ്പോള്‍ ദിനംപ്രതിയുണ്ടായിരുന്ന കേസുകള്‍ ഒരു റോക്കറ്റ് കണക്കെ കുതിച്ചു.

മാറിവന്ന വകഭേദങ്ങള്‍

മ്യൂട്ടേഷന്‍ എന്ന വാക്ക് നമുക്ക് സുപരിചിതമായത് ഈ കൊവിഡ് കാലത്താണ്. എത്രയോ വകഭേദങ്ങളുടെ രൂപത്തിലാണ് കൊവിഡ് നമ്മെ വലച്ചത്. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ഒമിക്രോണ്‍, ഒമിക്രോണ്‍ ബി എ 1, ഒമിക്രോണ്‍ ബി എ 2, ഒമിക്രോണ്‍ ബി എ 3, പിന്നെ ദാ ഇപ്പോള്‍ എക്‌സ്-ഇ വകഭേദം കൂടി. അതിനൊക്കെ പുറമെയാണ് സിക്ക വൈറസുകള്‍ കൂടി ഈ കാലത്തു നമ്മുടെ ഉറക്കം കെടുത്തിയത്.

രക്ഷകരായി വാക്‌സീനുകള്‍

കൊറോണ വൈറസിനെതിരെ ഇന്ത്യയില്‍ പത്തോളം വാക്‌സീനുകള്‍ക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ അഞ്ചെണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. കൊവി ഷീല്‍ഡ്, കൊവാക്‌സീന്‍, സ്പുട്‌നിക് വി, കൊര്‍ബെ വാക്‌സ്, കൊവോവാക്‌സ്, സെക്കോവ് ഡി, സ്‌പൈക്വക്‌സ്, സ്പുട്‌നിക് ലൈറ്റ്, എ ഡി 26 കൊവ് 2 എക്‌സ്, ആസ്ട്രസെനക്ക എന്നിവയാണ് ആ വാക്‌സീനുകള്‍.
പൊതുവെ മനുഷ്യര്‍ കൊവിഡിനോട് പൊരുത്തപ്പെട്ടിരിക്കുന്നു. വലിയ രീതിയില്‍ പകര്‍ച്ച സാധ്യമാക്കിയതിനാല്‍ തന്നെ ഇനിയൊരു തരംഗം ഉണ്ടാകാനും ഇടയില്ല. എന്നിരുന്നാലും മനുഷ്യനെ ചോദ്യം ചെയ്യാന്‍ മറ്റൊരു ജീവിക്കും കഴിയില്ല എന്ന ചിന്തകളെ കാറ്റില്‍ പറത്തിയ രണ്ട് വര്‍ഷമാണ് കടന്നുപോയത്. ഈയൊരു സമാനതകളില്ലാത്ത കാലത്തെ അതിജീവിച്ച മനുഷ്യരാണ് നാം. പുതിയ കാലത്തേക്ക് നമുക്ക് പ്രതീക്ഷകളോടെ ചുവടുകള്‍ വെക്കാം.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest