International
യു എസില്‍ വിമാനയാത്രക്കിടെ കൗമാരക്കാരെ ഫോര്‍ക്ക് കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു; ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍
ചിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള എല്‍ എച്ച് 431 ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരപ്പള്ളി (28) ആണ് അറസ്റ്റിലായത്.
വാഷിങ്ടണ്‍ | യു എസില്‍ വിമാനയാത്രക്കിടെ രണ്ട് കൗമാരക്കാരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ചിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള എല്‍ എച്ച് 431 ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരപ്പള്ളി (28) ആണ് അറസ്റ്റിലായത്.
ഈ മാസം 25നാണ് സംഭവം. 17 വയസ്സുകാരാണ് ആക്രമണത്തിന് ഇരയായത്. ഒരാളുടെ തോളിലും മറ്റേയാളുടെ തലയുടെ പിന്‍ഭാഗത്തുമാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. മറ്റ് യാത്രക്കാരും ജീവനക്കാരും തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാല്‍ കൈവിരലുകള്‍ തോക്ക് പോലെയാക്കി വായില്‍ വെച്ച് വെടിവെക്കുന്ന ആംഗ്യം കാണിച്ചു. വിമാനത്തിനുള്ളില്‍ സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം അടിയന്തരമായി മസാചുസെറ്റ്സിലെ ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
വിദ്യാര്‍ഥികള്‍ക്കുള്ള വിസയിലാണ് പ്രണീത് കുമാര്‍ അമേരിക്കയില്‍ എത്തിയത്. അടുത്തിടെ ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട മാസ്റ്റേഴ്‌സ് ബിരുദത്തിന് ഇയാള്‍ ചേര്‍ന്നിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമണം, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവും 2,50,000 ഡോളര്‍ വരെ പിഴയും ലഭിക്കും.





