Connect with us

Travelogue

പ്രതിഭകളുടെ നഗരത്തിൽ

തിരക്കേറിയ നഗരത്തിന്റെ പ്രധാന മാർക്കറ്റിലൂടെ നടന്നാണ് ഞങ്ങൾ പല മഖാമുകളിലും എത്തിയത്. ഞങ്ങളേത് രാജ്യക്കാരെന്നാണ് കാണുന്നവർക്കെല്ലാം അറിയേണ്ടത്. ഇന്ത്യക്കാരാണെന്ന് പറയുമ്പോൾ അഭിവാദ്യമർപ്പിക്കാനും ചായ വാങ്ങിത്തന്ന് സത്കരിക്കാനും അവർ മത്സരിച്ചു.

Published

|

Last Updated

നജഫ് സന്ദർശനം കഴിഞ്ഞു. അന്ന് രാത്രി അവിടെ തങ്ങിയ ശേഷം അതിരാവിലെ ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. ബസ്വറയിലേക്കാണ് ഇനി പോകുന്നത്. ദീർഘ ദൂരം സഞ്ചരിക്കാനുണ്ട്. അഞ്ഞൂറോളം കിലോ മീറ്റർ. ഇറാഖിന്റെ ഉൾപ്രദേശങ്ങളാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമി. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രവിശാലമായ കൃഷിത്തോട്ടങ്ങൾ. ജനസാന്നിധ്യം തീരേയില്ല. കോടമഞ്ഞ് മൂടിയ അന്തരീക്ഷം. ആദ്യഘട്ടത്തിൽ നാലുഭാഗത്തും മഞ്ഞല്ലാതെ മറ്റൊന്നും ദൃശ്യമായിരുന്നില്ല. ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷമാണ് അതിന് മാറ്റം വന്നത്. അതിനിടെ ഞങ്ങളൊരു അപകടം കണ്ടു. റോഡിൽ നിറയെ ഒട്ടകങ്ങൾ രക്തം വാർന്ന് ചത്തു കിടക്കുന്നു. ചിലതിന് പാതി ജീവനുണ്ട്. ബസിന്റെ ഗ്ലാസുകൾക്കിടയിലൂടെ നോക്കി ഞങ്ങളവ എണ്ണിനോക്കി. മുപ്പതിലധികമുണ്ട്. റോഡുമുറിച്ചു കടക്കുകയായിരുന്ന ഒട്ടകക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയതാണ്. ഡ്രൈവർ ഉറങ്ങിയതോ കനത്ത മഞ്ഞിനിടയിൽ ശ്രദ്ധയിൽ പെടാത്തതോ ആവാം അപകട കാരണം.

എല്ലായിടത്തും കാഴ്ചകൾക്ക് ഒരേ സ്വഭാവം. തരിശുനിലങ്ങൾ. നമ്മുടെ നാട്ടിലെ എക്കൽ മണ്ണിനോട് സമാനമായ മണ്ണാണ്. അങ്ങിങ്ങായി ചെറിയ വെള്ളക്കെട്ടുകൾ. ദൂരെ അതിരിട്ടു നിൽക്കുന്ന മണൽക്കുന്നുകൾ. ചരിത്ര പ്രസിദ്ധങ്ങളായ സമാവ, നാസ്വിരിയ്യ, ദീവാനിയ്യ പട്ടണങ്ങൾ താണ്ടിയാണ് യാത്ര. ഞങ്ങളുടെ പാക്കേജിൽ ഈ നഗരങ്ങളിലെ സന്ദർശന കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ചുരുങ്ങിയ ദിവസങ്ങളാണ് മുന്നിലുള്ളത്. അതിനിടയിൽ എല്ലാ സ്ഥലങ്ങളും കാണുക സാധ്യമല്ലല്ലോ. നജഫ്, നാസ്വിരിയ്യ, ബസ്വറ എന്നിവ ഇന്റർനാഷനൽ എയർപോർട്ടുകളുള്ള നഗരങ്ങൾ കൂടിയാണ്. നിരവധി എണ്ണപ്പാടങ്ങളും പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. അവയിൽ നിന്നുയരുന്ന തീജ്വാലകൾ ദൂരദിക്കുകളിൽ നിന്ന് തന്നെ കാണാം.

രാവിലെ ഏഴിനാരംഭിച്ച യാത്ര ബസ്വറയിലെത്തിയപ്പോഴേക്കും രണ്ട് മണിയായിരുന്നു. ഭക്ഷണമായിരുന്നു ആദ്യ അജൻഡ. അത് കഴിഞ്ഞ് വിശ്രുത താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി(റ), ഇബ്നു സീരീൻ(റ) എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലേക്ക് നീങ്ങി. ചെറിയ ആരാധനാലയം. പ്രാഥമികാവശ്യങ്ങൾക്ക് പരിമിത സൗകര്യങ്ങൾ മാത്രമാണുള്ളത്. എത്തിപ്പെടാൻ പ്രയാസമുള്ള ഇടമാണ് ബസ്വറ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണിത്. AD 636ൽ സ്ഥാപിതമായ ബസ്വറ മധ്യകാല ഇസ്‌ലാമിക നാഗരികതയിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.

സസാനിയൻ സാമ്രാജ്യത്തിനെതിരെ മുസ്‌ലിം സൈന്യം തമ്പടിച്ച പ്രദേശമാണ് ബസ്വറ. നിരീക്ഷിക്കുക, കല്ലും മണ്ണുമുള്ള ഉറച്ചത് എന്നൊക്കെയാണ് ബസ്വറയുടെ അർഥം. ടൈഗ്രീസ്, യൂഫ്രട്ടീസ് നദികളുടെ സംഗമ സ്ഥാനത്ത് ഉത്ബതുബ്നു ഗസ്‌വാൻ(റ) ആണ് ഈ നഗരം സ്ഥാപിക്കുന്നത്. രണ്ടാം ഖലീഫ ഉമർ(റ)ന്റെ ഭരണകാലത്തായിരുന്നു അത്.

രാജ്യ തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് അഞ്ഞൂറിലധികം കിലോമീറ്റർ അകലെയുള്ള നഗരമെന്ന നിലയിൽ ബസ്വറാ സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു. പ്രാദേശിക ഇറാഖീ ജനതയുടെ ഹൃദ്യമായ വരവേൽപ്പ് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. തിരക്കേറിയ നഗരത്തിന്റെ പ്രധാന മാർക്കറ്റിലൂടെ നടന്നാണ് ഞങ്ങൾ പല മഖാമുകളിലും എത്തിയത്. ഞങ്ങളേത് രാജ്യക്കാരെന്നാണ് കാണുന്നവർക്കെല്ലാം അറിയേണ്ടത്. ഇന്ത്യക്കാരാണെന്ന് പറയുമ്പോൾ അഭിവാദ്യമർപ്പിക്കാനും ചായ വാങ്ങിത്തന്ന് സത്കരിക്കാനും അവർ മത്സരിച്ചു. കുട്ടികൾ കൈനീട്ടങ്ങൾക്കായി പിന്നാലെ കൂടി.

അതിവിശാലമായ നഗരമാണ് ബസ്വറ. ഇവിടെ നിന്ന് മടങ്ങുമ്പോഴേക്കും എങ്ങും ഇരുൾ മൂടിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ബസ്വറയുടെ ശ്വാസനിശ്വാസങ്ങളിൽ ഒരു കണ്ണിയായി മാറാൻ സാധിച്ചത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമെന്ന് പറയാം.
സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരും ബദ്റിൽ പങ്കെടുത്തവരുമായ സുബൈറുബ്നു അവ്വാം(റ), ത്വൽഹതുബ്നു ഉബൈദില്ലാഹ്(റ), ബദ്‌രിയ്യായ ഉത്ബതുബ്നു ഗസ്‌വാൻ(റ), വിശ്രുത താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി(റ), ഇബ്നു സീരീൻ(റ) തുങ്ങിയവരുടെ ചരിത്ര സ്മാരകങ്ങളാണ് ബസ്വറയിലുള്ളത്.

ഹസൻ ബസ്വരി(റ)

സൈദ് ബ്നു സാബിത്(റ)വിന്റെ അടിമയായിരുന്ന യസാർ(റ)ന്റെയും പ്രവാചക പത്നി ഉമ്മുസലമ(റ)യുടെ സേവകയായ ഖൈറ(റ)യുടെയും മകനായി ഹി. 21ലാണ് ജനനം. മാതാവ് കുഞ്ഞിനെ സ്വഹാബിമാരുടെ സമീപത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. കുഞ്ഞുഹസൻ വലിയ പണ്ഡിതനായിത്തീരാൻ വേണ്ടി ഉമർ(റ) ദുആ ചെയ്തിരുന്നു. പത്താം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ മഹാനവർകൾ ഹി. 37ലാണ് ബസ്വറയിലെത്തുന്നത്. ഞാൻ മുന്നൂറോളം സ്വഹാബിമാരെ കണ്ടിട്ടുണ്ടെന്നും അവർ എഴുപത് പേർ ബദ്‌രീങ്ങളാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രസ്താവ്യമാണ്.

വിനയവും പരിത്യാഗവും മഹാന്റെ ജീവിത രീതിയായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ഹസൻ ബസ്വരിയുടെ പ്രസംഗം കേൾക്കാനെത്തിയിരുന്നത്. ആഇശാ ബീവി(റ) ആ സംസാരം കേട്ടപ്പോൾ ആരാണ് ഉത്കൃഷ്ടരുടെ ശൈലിയിൽ സംസാരിക്കുന്നതെന്നാണ് ചോദിച്ചത്. അല്ലാഹുവിനെയോർത്ത് എപ്പോഴും കരയുക പതിവായിരുന്നു. ധാരാളം മഹദ് വചനങ്ങളുടെ ഉടമയാണ്. പ്രഭാഷണങ്ങളിലും മറ്റും അവ ഉദ്ധരിക്കപ്പെടുന്നത് സർവ സാധാരണമാണ്. മിക്ക സ്വൂഫീ സിൽസിലകളുടെയും സനദുകളും മഹാനവർകളിലൂടെയാണ് തിരുനബി(സ്വ)യിലേക്ക് ചെന്നു ചേരുന്നത്.

ഒരിക്കൽ ഇറാഖ് ഗവർണർ ഉമറുബ്നു ഹുബൈറ ഹസനുൽ ബസ്വരി, ശഅ്ബി, ഇബ്നു സീരീന്‍ എന്നീ മൂന്ന് പണ്ഡിത പ്രതിഭകളോടായി ഇങ്ങനെ പറഞ്ഞു. “ഖലീഫ യസീദ് എന്നെ ഗവര്‍ണറായി നിയോഗിച്ചിരിക്കുന്നു. ഖലീഫയുടെ ഉത്തരവുകൾ ഉടൻ എത്തിത്തുടങ്ങും. അതേ കുറിച്ച് അഭിപ്രായമറിയാനാണ് നിങ്ങളെ വിളിച്ചത്’. “ഇബ്നു ഹുബൈറാ… യസീദിന്റെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്. യസീദില്‍ നിന്ന് താങ്കളെ അല്ലാഹു രക്ഷിക്കും. അല്ലാഹുവില്‍ നിന്ന് തങ്കളെ യസീദ് രക്ഷിക്കില്ല’. ഗവർണറുടെ മുഖത്ത് നോക്കി ഹസൻ ബസ്വരി ധൈര്യസമേതം പ്രതികരിച്ചു.

ഭരണാധികാരിയെന്നോ സ്വാധീനമുള്ളവനെന്നോ പരിഗണിക്കാതെ യാഥാർഥ്യം തുറന്നുപറഞ്ഞ മഹാനവർകളെ ഗവർണർക്ക് നന്നായി ബോധിച്ചു. മറ്റുള്ളവർക്ക് നൽകിയതിനേക്കാൾ ഇരട്ടി സമ്മാനങ്ങൾ നൽകിയാണ് അയാൾ ആ സാത്വികവര്യനെ യാത്രയയച്ചത്.
അല്ലാഹുവിനെ ഭയപ്പെടുകയും എന്നാൽ സൃഷ്ടികളെ തെല്ലും ഭയപ്പെടാതിരിക്കുകയും ചെയ്തവരായിരുന്നു ഹസൻ ബസ്വരി. ഇസ്‌ലാമിക ചരിത്രത്തിൽ ക്രൂരനായി അറിയപ്പെടുന്ന രാജാവാണ് ഹജ്ജാജ്ബ്നു യൂസുഫ്. പണ്ഡിതന്മാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുക അയാൾക്കൊരു ഹരമായിരുന്നു. എന്നാൽ ഹജ്ജാജ് തന്റെ സദസ്സിലേക്ക് വരുമ്പോൾ ഇമാം എഴുന്നേറ്റു നില്‍ക്കുകയോ പ്രത്യേകം പരിഗണിക്കുകയോ ചെയ്തിരുന്നില്ല. ഹസൻ ബസ്വരിനെ വധിക്കാനാജ്ഞാപിച്ച ഹജ്ജാജിന് പേടിച്ച് പിന്മാറേണ്ടി വന്നതും ചരിത്രം.
ഇസ്‌ലാമിൽ പുത്തനാശയങ്ങൾ കടത്തിക്കൂട്ടുന്നവരോട് കടുത്ത എതിർപ്പായിരുന്നു അവിടുത്തേക്ക്. വൻദോശങ്ങൾ ചെയ്യുന്നവർ വിശ്വാസിയോ അവിശ്വാസിയോ എന്ന ചർച്ചക്കിടെ അത്തരമാളുകൾ മുഅ്മിനുമല്ല കാഫിറുമല്ല എന്ന് പറഞ്ഞ് വാസ്വിലുബ്നു അത്വാഅ് സദസ്സിൽ നിന്ന് മാറിനിന്നു. “അയാൾ നമ്മിൽ നിന്ന് അകന്നുപോയി” എന്നായിരുന്നു അപ്പോൾ ഹസന്‍ ബസ്വരിയുടെ മറുപടി. തുടർന്നാണ് വാസ്വിലിനും കൂട്ടര്‍ക്കും മുഅ്തസില അഥവാ അകന്നവര്‍ എന്ന പേരുവന്നത്. ഹിജ്റ 110 റജബ് മാസം ആദ്യത്തിലായിരുന്നു ഹസനുൽ ബസ്വരിയുടെ വിയോഗം.