Kerala
'പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പുകളെ ബാധിക്കില്ല'; വിശ്വാസ സംരക്ഷണ സംഗമത്തില്‍ വൈകിയാണെങ്കിലും പങ്കെടുത്ത് കെ മുരളീധരന്‍
ആറ് മണിക്കൂര്‍ വൈകി പരിപാടിക്കൊടുവിലാണ് അദ്ദേഹം എത്തിയത്

പത്തനംതിട്ട | വൈകിയാണെങ്കിലും കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു. ആറ് മണിക്കൂര്‍ വൈകി പരിപാടിക്കൊടുവിലാണ് അദ്ദേഹം എത്തിയത്. ഗുരുവായൂര്‍ പോയതിനാലാണ് വൈകിയതെന്ന് മുരളീധരന്‍ പറഞ്ഞു. ദേശീയ പാര്‍ട്ടിയായതുംകൊണ്ട് കോണ്‍ഗ്രസിനകത്ത് അഭിപ്രായമുള്ളതുകൊണ്ടും പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ അത് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയത്തെ ഒരുശതമാനം പോലും ബാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മന്ത്രി വാസവന്‍ രാജിവയ്ക്കണം. നിലവിലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം. അതുവരെ സമരം തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.ആചാരലംഘനമാണ് മന്ത്രി വാസവന്റെ സ്ഥിരം പരിപാടി. ശബരിമലയില്‍ വാസവന്‍ തൊഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. അവിടെ പോയി കൈയും കെട്ടി നില്‍ക്കുകയാണ് ചെയ്യാറെന്നും മുരളീധരന്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടര്‍ന്നാണ് കെ മുരളീധരന്‍ പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് വി ഡി സതീശന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കെ മുരളീധരന്‍ അയഞ്ഞത്.