Kerala
സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, വിധിയുടെ പൂര്‍ണ രൂപം പരിശോധിക്കും; മന്ത്രി വി ശിവന്‍കുട്ടി
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും തുടര്‍ന്നും അതിജീവിതയ്‌ക്കൊപ്പമുണ്ടാകും
തിരുവനന്തപുരം| നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വിധിയുടെ പൂര്‍ണ രൂപം പരിശോധിക്കും. ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും തുടര്‍ന്നും അതിജീവിതയ്‌ക്കൊപ്പമുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേസില്‍ ഗൂഢാലോചന തെളിയുന്നത് വരെ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പ്രതികരിച്ചു
സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സിപിഎം നേതാവ് എം വി ജയരാജനും പ്രതികരിച്ചു. പീഡിപ്പിച്ചവര്‍ ആരെന്ന് കണ്ടെത്തിയിരിക്കുന്നു. ഇനി ഗൂഢാലോചന നടത്തിയവരിലേക്ക് അധിക ദൂരമില്ലെന്നും ജയരാജന്‍ പ്രതികരിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.



