Uae
യു എ ഇ - ഇന്ത്യ വിമാന നിരക്ക് കുത്തനെ കൂടി; വർധനവ് 700 ദിർഹം വരെ
വിമാനങ്ങൾ റദ്ദാക്കിയതും തിരക്കും തിരിച്ചടി
ദുബൈ|യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ 25 ശതമാനം വരെ വർധന. ശരാശരി 700 ദിർഹത്തിന് മേലെയാണ് ടിക്കറ്റ് നിരക്കിൽ കൂടിയത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും സർവീസുകൾ തടസ്സപ്പെട്ടതും യു എ ഇയിൽ തിരക്കേറിയ യാത്രാ സീസൺ ആരംഭിച്ചതുമാണ് നിരക്ക് വർധനവിന് കാരണം. ഇത് പ്രവാസികളുടെ ബജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്.
യു എ ഇയിൽ നിന്ന് കേരളത്തിലേക്കും ഡൽഹി അടക്കമുള്ള മേഖലയിലേക്കുള്ള സർവീസുകളിലാണ് ഏറ്റവും കൂടുതൽ നിരക്ക് വർധന രേഖപ്പെടുത്തിയത്. അടുത്ത വാരാന്ത്യത്തിൽ ദുബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള നിരക്ക് 2,880 ദിർഹം വരെ എത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ സർവീസുകളിലും 30 ശതമാനത്തിലധികം വർധനവുണ്ട്.
കൊച്ചി, തിരുവനന്തപുരം തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലേക്കുള്ള യാത്രക്കാരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഇവിടങ്ങളിലേക്ക് 30 ശതമാനത്തിലധികം വർധനവുണ്ട്. ഇൻഡിഗോ വിമാനങ്ങളുടെ അനിശ്ചിതത്വം കാരണം മറ്റ് വിമാനക്കമ്പനികളിലും തിരക്ക് വർധിച്ചു. കൃത്യസമയത്ത് എത്താൻ കൂടുതൽ പണം നൽകാൻ യാത്രക്കാർ തയ്യാറാകുന്നതും സ്‌കൂൾ അവധി തുടങ്ങിയതും നിരക്ക് കൂടാൻ കാരണമായി.
ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതും യാത്രക്കാരെ വലക്കുന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങിയെങ്കിലും സാധാരണ നിലയിലാകാൻ ഒരാഴ്ച മുതൽ പത്ത് ദിവസം വരെ സമയമെടുത്തേക്കാം. ജനുവരി അവസാനത്തോടെയാണ് നിരക്കുകൾ കുറയുന്ന പ്രവണത കാണിക്കുന്നത്.



