Connect with us

Uae

ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി സന്നദ്ധപ്രവർത്തകർ; നന്ദി പറഞ്ഞ് ശൈഖ് മുഹമ്മദ്

2,000 പേരെ തേടിയപ്പോൾ രജിസ്റ്റർ ചെയ്തത് 20,000 പേർ

Published

|

Last Updated

ദുബൈ|ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നതിനായി എത്തിച്ചേർന്ന സന്നദ്ധപ്രവർത്തകർക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നന്ദി പറഞ്ഞു. ഓപറേഷൻ ഗാലന്റ്നൈറ്റ് 3യുടെ കീഴിൽ മുഹമ്മദ് ബിൻ റാശിദ് ഹ്യൂമാനിറ്റേറിയൻ ഷിപ്പ് അയക്കുന്നതിനാണ് ഇവർ ഒത്തുചേർന്നത്. എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലായിരുന്നു പരിപാടി.

മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് പദ്ധതി പ്രഖ്യാപിച്ച് സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചപ്പോൾ ഏകദേശം 2,000 പേരെയാണ് ആവശ്യമായിരുന്നത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ 20,000ത്തിലധികം പേരാണ് ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്തതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സന്നദ്ധപ്രവർത്തകർ വേഗത്തിൽ ഭക്ഷണം പാക്ക് ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

“ഇതാണ് യു എ ഇയിലെ ജനങ്ങൾ. ഇതാണ് സായിദിന്റെ മക്കളുടെ യഥാർഥ ആത്മാവ്’- ശൈഖ് മുഹമ്മദ് പറഞ്ഞു. ഈ ക്യാമ്പയിനും ആവേശകരമായ പങ്കാളിത്തവും യു എ ഇയിലെ ജനങ്ങൾക്ക് ഫലസ്തീൻ ജനതയോടുള്ള സ്‌നേഹമാണ് കാണിക്കുന്നത്. ഫലസ്തീൻ ജനതയുടെയും അവരുടെ ആവശ്യങ്ങളുടെയും പിന്തുണക്കാരായി യു എ ഇ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം പത്ത് ദശലക്ഷം ഭക്ഷണപ്പൊതികൾ ഉൾക്കൊള്ളുന്നതാണ് കപ്പൽ.

 

Latest