Kerala
വെള്ളിത്തിരയിലെ നായകന്റെ മുഖം മൂടി അഴിഞ്ഞുവീണ ക്രൂരത
2017 ഫെബ്രുവരി 17 ന് നടന്ന സംഭവം കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.
കൊച്ചി | കേരളത്തെ നടുക്കുകയും മലയാള സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും ചെയ്ത, കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുപ്രധാന വിധി വരികയാണ്. ഏതോ കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരം നടന്ന ക്രൂരമായ ബലാത്സംഗത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ നായകനായി നടിച്ച മാന്യതയുടെ മുഖം മൂടികള്‍ അഴിഞ്ഞുവീണു.
2017 ഫെബ്രുവരി 17 ന് നടന്ന സംഭവം കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ മണികണ്ഠന്‍, വി പി വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരായിരുന്നു അങ്കമാലിയിലെ സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം മാര്‍ട്ടിന്‍ ആന്റണിയുടെ സിഗ്‌നല്‍ കാത്തുനിന്നത്. 9 മണിയോടെ നടി തങ്ങളെ കടന്നുപോയെന്ന് സിഗ്‌നല്‍ ലഭിച്ചതോടെ പള്‍സര്‍ സുനിയും സംഘവും ടെമ്പോ ട്രാവലറില്‍ നടിയെ പിന്തുടര്‍ന്നു.
അത്താണിക്കലിന് സമീപം ടെമ്പോ ട്രാവലര്‍ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു. ക്ഷമ പറയാനിറങ്ങിയ മണിയോട് മാഡത്തോട് പറയാന്‍ മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. പൊടുന്നനെ നടിയിരുന്ന സീറ്റിലേക്ക് ചാടിക്കയറിയ വിജീഷ് മണികണ്ഠനോട് കയറാന്‍ പറഞ്ഞു. നടന്നത് എന്താണെന്ന് മനസ്സിലാകും മുന്‍പേ നടിയുമായി വാഹനം മുന്നോട്ടു കുതിച്ചു.
പിന്നീട് നടന്നത് നീചവും ക്രൂരവുമായ ക്വട്ടേഷന്‍ ബലാത്സംഗമാണ്. മുഖംമൂടി ധരിച്ചാണ് സുനി കാറില്‍ കയറിയതെങ്കിലും ഒരു മാസം മുന്‍പ് തന്റെ ഡ്രൈവറായിരുന്ന സുനിയെ നടി തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ ആണെന്നും നടിയുടെ നഗ്‌നശരീരത്തോടൊപ്പം വിവാഹനിശ്ചയമോതിരം ചേര്‍ത്തുവച്ച പടമാണ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ആവശ്യമെന്നും പള്‍സര്‍ സുനി തുറന്നു പറഞ്ഞു. വീട്ടില്‍ ചെന്നശേഷം ചിത്രം അയക്കാമെന്ന് നടി രക്ഷപ്പെടാനായി പറഞ്ഞു നോക്കിയെങ്കിലും നിങ്ങള്‍ അത്ര കഷ്ടപ്പെടേണ്ട എന്നായിരുന്നു സുനിയുടെ മറുപടി.
തിരക്കേറിയ കൊച്ചി നഗരത്തിലൂടെ രണ്ട് മണിക്കൂര്‍ നടിയുമായി വാഹനം മുന്നോട്ടുപോയി ഈ സമയം നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. ദൃശ്യങ്ങള്‍ എട്ടു ക്ലിപ്പുകളില്‍ ആയി സുനി പകര്‍ത്തി. ആക്രമണത്തിനുശേഷം നടന്‍ ലാലിന്റെ വീട്ടിലേക്ക് മാര്‍ട്ടിന്‍ ആന്റണി നടിയുമായി പോയി. പ്രതികള്‍ ടെമ്പോ ട്രാവലറില്‍ രക്ഷപ്പെട്ടു. ലാല്‍ വിളിച്ച് പോലീസ് എത്തി നടിയുടെ പ്രാഥമിക മൊഴി ശേഖരിച്ച് കേസെടുത്തു. തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും മാര്‍ട്ടിന്‍ ലാലിനോടും പിന്നീട് വന്ന എം എല്‍ എ പി ടി തോമസിനോടും പോലീസിനോടും പറഞ്ഞു. മാര്‍ട്ടിന്‍ ആന്റണിയുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പോലീസ് വൈകാതെ തന്നെ മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വെള്ളിത്തിരയില്‍ തിളങ്ങി നിന്ന താരത്തെ അഴിക്കുള്ളിലടച്ച, നിരവധി ദുരൂഹമായ നീക്കങ്ങളിലൂടെ മുന്നോട്ടു പോയ കേസില്‍ സുപ്രധാനമായ വിധിയാണ് ഇന്നു വരുന്നത്.

