Kerala
'മഞ്ജു വാര്യര്‍ ഗൂഢാലോചനയെന്ന് പറഞ്ഞപ്പോഴാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത്; വനിതാ പോലീസ് ഉദ്യോഗസ്ഥയും ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഒപ്പം ചേര്‍ന്നു'
തന്റെ കരിയറും പ്രതിച്ഛായയും നശിപ്പിക്കാനായി നടന്ന ഗൂഢാലോചനയായിരുന്നു തനിക്കെതിരായ കേസെന്ന് നടന്‍ ദിലീപ്
കൊച്ചി | തന്റെ കരിയറും പ്രതിച്ഛായയും നശിപ്പിക്കാനായി നടന്ന ഗൂഢാലോചനയായിരുന്നു തനിക്കെതിരായ കേസെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നെന്നും കോടതി വിധി വന്ന ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ദിലീപ് പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോനചന കുറ്റം തെളിയിക്കാനായില്ലെന്ന് കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടത്.
പോലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചന നടന്നത്. സര്‍വശക്തനായ ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം തെളിഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് പേര്‍ക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു. ഒന്‍പത് വര്‍ഷത്തോളം അഹോരാത്രം തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരോട് നന്ദി പറയുന്നു. അഡ്വ കെ രാമന്‍പിള്ളയുടെ അടക്കം പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി പറച്ചില്‍. എന്നെ സപ്പോര്‍ട്ട് ചെയ്ത് ഒന്‍പത് വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാട് പേരുണ്ട് വിവിധ മേഖലകളില്‍.അവരോടെല്ലാം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും ദിലീപ് വ്യക്തമാക്കി.


