Kerala
എന്തുകൊണ്ട് ഈ വിധിയെന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസിലാകും; ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി
നാലുകൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നതെന്നും നേരത്തെ എഴുതിവെച്ച വിധിയാണിതെന്നും ഭാഗ്യലക്ഷ്മി
തൃശൂര്‍ | നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നാലുകൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നതെന്നും നേരത്തെ എഴുതിവെച്ച വിധിയാണിതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതിജീവിതയുടെ വീട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. കൈയില്‍ കിട്ടിയ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സാക്ഷികള്‍ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. ഇപ്പോഴും ഞാന്‍ അവളോടൊപ്പം തന്നെയാണ്. അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നില്‍ക്കും. ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളില്‍ അതിജീവിത തന്നെ വ്യക്തമാക്കും-ഭാഗ്യലക്ഷ്മി പറഞ്ഞു


