Kerala
കാര്‍ഷിക സര്‍വകലാശാലയിലെ ഉയര്‍ന്ന ഫീസ്: ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെ എത്തിക്കും; കൃഷിമന്ത്രി പി പ്രസാദ്
കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു, വിദ്യാര്‍ത്ഥിയെ തിരികെയെടുക്കാന്‍ കോളജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി
തിരുവനന്തപുരം|കാര്‍ഷിക സര്‍വകലാശാലയിലെ ഉയര്‍ന്ന ഫീസിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ടിസി വാങ്ങിയ പോയ വിഷയത്തില്‍ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ ബിരുദ വിദ്യാര്‍ത്ഥി അര്‍ജുനെ തിരികെ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചുവെന്നും വിദ്യാര്‍ത്ഥിയെ തിരികെയെടുക്കാന്‍ കോളജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.
ഫീസ് ഘടനയില്‍ ഭേദഗതി വരുത്തണം. ഫീസ് ഘടനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ഫീസ് ഘടന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഉയര്‍ന്ന ഫീസ് താങ്ങാനാവാതെ പഠനം ഉപേക്ഷിച്ചതെന്ന് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ടി സി വാങ്ങിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി അര്‍ജുന്‍ പറഞ്ഞു. ഫീ മൂന്നിരട്ടി കൂട്ടിയത് കാരണം പല വിദ്യാര്‍ത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അര്‍ഹതയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എജ്യുക്കേഷന്‍ ഗ്രാന്‍ഡ് ആനുകൂല്യം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നെന്നും അര്‍ജുന്‍ വ്യക്തമാക്കി.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തൃശൂര്‍, തിരുവനന്തപുരം, കാസര്‍കോട്, വയനാട് ജില്ലകളിലുള്ള കോളജുകളിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്‌സുകള്‍ക്കാണ് വന്‍ ഫീസ് വര്‍ധന. നേരത്തെയുള്ള ഫീസ് ഘടനയില്‍ നിന്നും മൂന്നിരട്ടി ഫീസ് വര്‍ധിപ്പിച്ച കാര്യം അപേക്ഷിക്കുന്ന സമയത്ത് പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.






