Heavy rain
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി; രണ്ടുപേരെ കാണാതായി
വെള്ളമുയര്‍ന്നതോടെ നാല് അണക്കെട്ടുകള്‍ തുറന്നു.

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. രാത്രിയില്‍ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തം.
വെള്ളമുയര്‍ന്നതോടെ നാല് അണക്കെട്ടുകള്‍ തുറന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
കല്ലാര്‍കുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പാതയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.