Connect with us

indian cricket team

ഇന്ത്യന്‍ ടീമിലും തലമുറമാറ്റം; കോലി ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഭാവി മുന്നില്‍ കണ്ടാണ് കോലിയുടെ തീരുമാനം എന്നാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്

Published

|

Last Updated

യു എ ഇ | ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് നായകന്‍ കോലി. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷമാവും സ്ഥാനം ഒഴിയുക. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക.

ജോലി ഭാരം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് ഫോര്‍മാറ്റിലും ടീമിനെ മുഴുവന്‍ സമയം നയിക്കാന്‍ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചേറെ സമയമെടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിരാട് കോലി സ്ഥാനം ഒഴിയുന്നതോടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്ക് സ്വാഭാവികമായും നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്വന്റി- 20 യിലെ മികച്ച റെക്കോര്‍ഡുകളും അഞ്ച് തവണ ഐ പി എല്‍ കപ്പടിച്ച മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്നതും ഇദ്ദേഹത്തിന് സാധ്യതയേറുന്നു. രോഹിത്തിന് പകരം മറ്റൊരു മുതിര്‍ന്ന താരം ടീമിനെ നയിക്കണം എന്ന തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയാല്‍ രവീന്ദ്ര ജഡേജക്കും ക്യാപ്റ്റന്‍സി സാധ്യതയുണ്ട്. പുതു തലമുറയില്‍ ആരെയെങ്കിലും പരിഗണിക്കാനാണ് തീരുമാനമെങ്കില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും ലിസ്റ്റില്‍ ഉണ്ട്.

ഭാവി മുന്നില്‍ കണ്ടാണ് കോലിയുടെ തീരുമാനം എന്നാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം പുറത്തെടുത്ത മികവിന് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

ജോലി ഭാരവും തലമുറമാറ്റവും കണക്കിലെടുത്താണ് കോലി നായക സ്ഥാനം ഏറ്റെടുത്തതെന്ന് ബി സി സി ഐ സെക്രട്ടറി ജയ്ഷാ പറഞ്ഞു. മുതിര്‍ന്ന താരമെന്ന നിലയില്‍ ഭാവി ടീമിനെ രൂപപ്പെടുത്തുന്നതില്‍ കോലിക്ക് ഇനിയും നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും ജയ്ഷാ പറഞ്ഞു.

---- facebook comment plugin here -----

Latest