Connect with us

Ongoing News

ഐ സി സി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സണ്‍ അന്തരിച്ചു; അന്ത്യം കാറപകടത്തില്‍

ഇന്ന് രാവിലെ റിവേഴ്‌സ്‌ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്നുപേരും അപകടത്തില്‍ മരിച്ചു.

Published

|

Last Updated

കേപ് ടൗണ്‍ | ഐ സി സി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സണ്‍ (73) അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലുണ്ടായ കാറപകടത്തിലാണ് അന്ത്യം. ഇന്ന് രാവിലെ റിവേഴ്സ്ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്നുപേരും അപകടത്തില്‍ മരിച്ചു. കേപ് ടൗണില്‍ ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം നെല്‍സണ്‍ മണ്ടേല ബേയിലെ ഡെസ്പാച്ചിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.

ചില സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയ കോര്‍ട്സണ്‍ തിങ്കളാഴ്ച മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് ചൊവ്വാഴ്ചത്തേക്ക് നീട്ടുകയായിരുന്നുവെന്ന് മരണം സ്ഥിരീകരിച്ചുകൊണ്ട് മകന്‍ റൂഡി കോര്‍ട്സണ്‍ ജൂനിയര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

2002 മുതല്‍ എട്ട് വര്‍ഷക്കാലം ഐ സി സി അമ്പയര്‍മാരുടെ എലൈറ്റ് പാനലിന്റെ ഭാഗമായിരുന്നു കോര്‍ട്‌സണ്‍. 331 അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2010ല്‍ വിരമിക്കുമ്പോള്‍ ഇതൊരു റെക്കോര്‍ഡ് ആയിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ അലീം ദര്‍ ആണ് ആ റെക്കോര്‍ഡ് മറികടന്നത്. നൂറ് ടെസ്റ്റുകളില്‍ ദറിനും വെസ്റ്റിന്‍ഡീസിന്റെ സ്റ്റീവ് ബക്‌നര്‍ക്കുമൊപ്പം കോര്‍ട്‌സണ്‍ അമ്പയറായിരുന്നിട്ടുണ്ട്.

43ാം വയസിലാണ് കോര്‍ട്‌സണ്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ചത്. 1992-93 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. ലോകത്തെ മികച്ച അമ്പയറെന്നതു കൂടാതെ ഏറെ ആദരിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു കോര്‍ട്‌സണ്‍. വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന മത്സരത്തെ അവിഹിതമായി സ്വാധീനിക്കുന്നതിനുള്ള കൈക്കൂലി വാഗ്ദാനം നിരസിച്ചത് കോര്‍ട്‌സണ് ക്രിക്കറ്റ് ലോകത്തിന്റെ വ്യാപക പ്രശംസ നേടിക്കൊടുത്തു.

2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ബെംഗളൂരുവില്‍ നടന്ന ഐ പി എല്‍ മത്സരത്തിലാണ് കോര്‍ട്‌സണ്‍ അവസാനമായി കളി നിയന്ത്രിച്ചത്. വിരമിച്ചതിനു ശേഷം ‘സ്ലോ ഡെത്ത്; മെമോയേഴ്‌സ് ഓഫ് എ ക്രിക്കറ്റ് അമ്പയര്‍’ എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു.