Connect with us

bomb blast

മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിനുള്ളിൽ സ്ഫോടനം; അസം സ്വദേശികൾ മരിച്ചു

സ്ഫോടനത്തിൽ വീടിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്.

Published

|

Last Updated

മട്ടന്നൂർ (കണ്ണൂർ) | പത്തൊമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചുവെച്ച വീട്ടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ശഹീദുൽ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെ പത്തൊമ്പതാം മൈൽ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്.

ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീടിൻ്റെ രണ്ടാം നിലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തിൽ വീടിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്. വീടുകളിൽ നിന്നും മറ്റും ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന മറുനാടൻ തൊഴിലാളികൾ മാസങ്ങളായി ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നു.

നാല് പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്ഫോടനം നടക്കുമ്പോൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മാലിന്യം ശേഖരിക്കുമ്പോൾ ലഭിച്ച സ്ഫോടകവസ്തു വീടിനുള്ളിൽ വെച്ച് തുറന്നു നോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ സി ഐ. എം കൃഷ്ണൻ, എസ് ഐ. കെ വി ഉമേഷ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.