Connect with us

Kerala

ബംഗളൂരുവിൽ മുസ്‌ലിംകൾ താമസിക്കുന്ന കോളനികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി ഞെട്ടൽ ഉണ്ടാക്കുന്നത്: മുഖ്യമന്ത്രി

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും പിണറായി വിജയൻ

Published

|

Last Updated

തിരുവനന്തപുരം | കർണാടകയിലെ ബംഗളൂരുവിൽ മുസ്‌ലിം ജനത താമസിക്കുന്ന കോളനികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയിലെ കോൺഗ്രസ് സർക്കാരിനാണെന്നത് ആശ്ചര്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കേണ്ട ഭരണാധികാരികൾ തന്നെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കർണാടകയിലെ ബംഗളൂരു നഗരത്തിനടുത്തുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലാണ് അധികൃതർ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. വർഷങ്ങളായി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ദരിദ്ര തൊഴിലാളികൾ താമസിച്ചുവന്നിരുന്ന പ്രദേശങ്ങളാണിവ. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നാരോപിച്ചാണ് നോട്ടീസ് പോലുമില്ലാതെ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തത്.

ശൈത്യകാലത്ത് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ഇതോടെ തെരുവിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ബുൾഡോസർ നടപടിക്ക് സമാനമായ രീതിയിൽ കോൺഗ്രസ് സർക്കാരും നീങ്ങുന്നു എന്നതാണ് നിലവിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണം.

 

Latest