Uae
പ്രമുഖ ആഗോള കമ്പനികളുമായി സഹകരണ കരാറുകള്‍ ഒപ്പിട്ടു; വ്യവസായ മേഖലക്ക് കരുത്തേകാന്‍ ഇത്തിഹാദ് റെയില്‍
ചരക്കുനീക്ക രംഗത്തെ പ്രമുഖരായ ഡി എച്ച് എല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ്, ഭാരമേറിയ യന്ത്രസാമഗ്രികളുടെ കൈമാറ്റത്തില്‍ വൈദഗ്ധ്യമുള്ള ഹരേക്കറ്റ് എന്നീ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പിട്ടത്.
അബൂദബി | യു എ ഇയുടെ ദേശീയ റെയില്‍ ശൃംഖലയുടെ ചരക്കുനീക്ക വിഭാഗമായ ‘ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ്’ രാജ്യത്തെ സംയോജിത ചരക്കുനീക്ക സേവനങ്ങള്‍ ശക്തമാക്കുന്നതിനും വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി രണ്ട് പ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ദുബൈയില്‍ നടന്ന ‘ബ്രേക്ക്ബള്‍ക്ക് മിഡില്‍ ഈസ്റ്റ്’ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഈ സുപ്രധാന നീക്കം. ചരക്കുനീക്ക രംഗത്തെ പ്രമുഖരായ ഡി എച്ച് എല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ്, ഭാരമേറിയ യന്ത്രസാമഗ്രികളുടെ കൈമാറ്റത്തില്‍ വൈദഗ്ധ്യമുള്ള ഹരേക്കറ്റ് എന്നീ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പിട്ടത്.
റുവൈസിലെ വികസനത്തിന് ആക്കം കൂട്ടും
റുവൈസ് മേഖലയിലെ പുതിയ വ്യവസായ പദ്ധതികള്‍ക്ക് ആവശ്യമായ ചരക്കുനീക്ക സേവനങ്ങള്‍ വിപുലീകരിക്കാനാണ് ഡി എച്ച് എല്‍ കമ്പനിയുമായുള്ള കരാര്‍ ലക്ഷ്യമിടുന്നത്. സങ്കീര്‍ണമായ വ്യാവസായിക വിതരണ ശൃംഖലകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും റെയില്‍ മാര്‍ഗം ലഭ്യമാക്കാന്‍ സഹകരണം സഹായിക്കും. ഇതിലൂടെ വന്‍കിട പദ്ധതികള്‍ക്ക് സുഗമവും സുരക്ഷിതവുമായ ചരക്കുനീക്കം ഉറപ്പാക്കാന്‍ സാധിക്കും.
ഭാരമേറിയ ചരക്കുകള്‍ക്ക് പ്രത്യേക സംവിധാനം
ഹരേക്കറ്റ് കമ്പനിയുമായുള്ള സഹകരണം ഭാരമേറിയതും വലിപ്പമേറിയതുമായ യന്ത്രസാമഗ്രികളുടെയും മറ്റും നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. റെയില്‍വേ നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നതിനും സവിശേഷമായ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കും. ഇത്തരം ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതിക മികവ് കരാറിലൂടെ ഇത്തിഹാദ് റെയിലിന് കൈവരിക്കാനാകും.
വിതരണ ശൃംഖലയുടെ ശാക്തീകരണം
പുതിയ പങ്കാളിത്തങ്ങള്‍ വഴി വലിയ വലിപ്പമുള്ളതും ഉയര്‍ന്ന മൂല്യമുള്ളതുമായ ചരക്കുകള്‍ റെയില്‍ മാര്‍ഗം എത്തിക്കാനുള്ള ശേഷി വര്‍ധിക്കും. ഇത് പ്രാദേശിക വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും രാജ്യത്തെ വിവിധ മേഖലകള്‍ തമ്മിലുള്ള ചരക്കുനീക്ക ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യും.
യു എ ഇയുടെ സാമ്പത്തിക വളര്‍ച്ചയിലും വ്യവസായ പുരോഗതിയിലും നിര്‍ണായക പങ്ക് വഹിക്കുന്ന ദേശീയ റെയില്‍ ശൃംഖലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ നീക്കം സഹായിക്കുമെന്ന് ഇത്തിഹാദ് റെയില്‍ അധികൃതര്‍ വ്യക്തമാക്കി.



