Kerala
ബാക്ക് വാട്ടര്‍ ഫെസിലിറ്റി സെന്ററിനായി ടെന്‍ഡര്‍ ക്ഷണിച്ചു; കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ രാജ്യാന്തര നിലവാരത്തിലേക്ക്
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍, അമിനിറ്റി സെന്റര്‍, ഇവയോട് ചേര്‍ന്നുള്ള 64.52 സെന്റ് ഭൂമി എന്നിവയാണ് ലീസിന് നല്‍കുന്നത്.
നീലേശ്വരം | ഉത്തര മലബാറിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ ബാക്ക് വാട്ടര്‍ ടൂറിസം ഫെസിലിറ്റി സെന്റര്‍ വരുന്നു. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (BRDC) ടെന്‍ഡര്‍ ക്ഷണിച്ചു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍, അമിനിറ്റി സെന്റര്‍, ഇവയോട് ചേര്‍ന്നുള്ള 64.52 സെന്റ് ഭൂമി എന്നിവയാണ് ലീസിന് നല്‍കുന്നത്.
30 വര്‍ഷത്തെ ലീസ് കാലാവധി
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ലീസ് കാലാവധിയില്‍ വലിയ മാറ്റമാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. നേരത്തെ മൂന്ന് വര്‍ഷത്തേക്ക് മാത്രമാണ് ലീസ് നല്‍കിയിരുന്നത്. എന്നാല്‍, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന വിലയിരുത്തലില്‍ ഇത്തവണ 30 വര്‍ഷത്തേക്കാണ് ലീസ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
വിഭാവനം ചെയ്യുന്ന സൗകര്യങ്ങള്‍
ഹൗസ് ബോട്ട് യാത്രക്കായി എത്തുന്ന സഞ്ചാരികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഫെസിലിറ്റി സെന്ററിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഒരുക്കും.
* ലക്ഷ്വറി ലോഞ്ചുകള്‍: യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലോഞ്ചുകള്‍.
* റെസ്റ്റോറന്റുകള്‍: വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന ഭക്ഷണശാലകള്‍.
* കായല്‍ ഭംഗി ആസ്വദിക്കാന്‍ ഇടങ്ങള്‍: കായല്‍ സൗന്ദര്യം നേരിട്ട് ആസ്വദിക്കാനായി പ്രത്യേക വ്യൂ പോയിന്റുകള്‍.
* നൈറ്റ് ലൈഫ് പ്രൊമോഷന്‍: ഫോര്‍ട്ട് കൊച്ചി മാതൃകയില്‍ പുഴയോരത്ത് ‘നൈറ്റ് ലൈഫ് പ്രൊമോഷന്‍’. എന്നീ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
കുമരകം കഴിഞ്ഞാല്‍ കോട്ടപ്പുറം
കോട്ടയം ജില്ലയിലെ കുമരകം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലമായി കോട്ടപ്പുറം ഇതിനകം മാറിക്കഴിഞ്ഞു. നിലവില്‍ മുപ്പതോളം ഹൗസ് ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. ബേക്കല്‍ ജലപാത കൂടി പൂര്‍ണമായി സജ്ജമാകുന്നതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
‘മലബാറിലെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഫെസിലിറ്റി സെന്റര്‍ വഴിയൊരുക്കുമെന്നും ടെര്‍മിനല്‍ വികസനത്തിന് നീലേശ്വരം നഗരസഭയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി പറഞ്ഞു.




