Kerala
പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയ.
കോട്ടയം| സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം (21) യു ഡി എഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ പരാജയപ്പെടുത്തിയത്. ദിയ 14 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയ. പാലാ നഗരസഭയിലെ വാർഡ് 15 നെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.
പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ദിയ പുളിക്കകണ്ടം, ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം. ഒരാഴ്ചയിലധികം നടന്ന ചര്‍ച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നല്‍കാനായി തീരുമാനിച്ചത്. ചര്‍ച്ചയില്‍ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങള്‍ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനമെടുത്തത്.
മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കകണ്ടവും സഹോദരന്‍ ബിജു പുളിക്കകണ്ടവും ബിനുവിന്റെ മകള്‍ ദിയയും ചേര്‍ന്ന് ജനസഭയില്‍ വോട്ടര്‍മാരുമായി ചര്‍ച്ച വിളിച്ചത്. ഈ ചര്‍ച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കമെന്ന് ഭൂരിപക്ഷമാളുകള്‍ ധാരണയിലേക്കെത്തിയത്. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പേപ്പറില്‍ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.
പാല നഗരസഭ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗണ്‍സിലര്‍മാരുള്ള പുളിക്കകണ്ടം കുടുംബവുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മന്ത്രി വി എന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കള്‍ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്.
ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരില്‍ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നുള്ളത്. 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുലും വിജയിച്ചിരുന്നു. അതേസമയം, തലശേരി നഗരസഭ ചെയര്‍മാനായി കാരായി ചന്ദ്രശേഖരന്‍ തെരഞ്ഞടുക്കപ്പെട്ടു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍.


